ഭക്ഷണം വമ്പൻ ഓഫർ: തിരക്ക് നിയന്ത്രിക്കാൻ ഹോട്ടലിൽ നൂറ് പൊലീസുകാർ

ബർലിൻ: പശ്ചിമ ജർമനിയിലെ ഡോർട്ട്മുണ്ടിൽ പുതുതായി പ്രവർത്തനം തുടങ്ങിയ ഒരു ഫാസ്റ്റ് ഫുഡ് ഹോട്ടലിലേക്ക് ആളുകൾ ഇരച്ചുകയറിയതോടെ, സ്ഥിതിഗതികൾ ശാന്തമാക്കാൻ വൻ പൊലീസ് സന്നാഹം എത്തേണ്ടി വന്നു. നൂറോളം ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിനായി ഹെലികോപ്റ്ററിനെയും വിന്യസിച്ചാണ് ജർമൻ പൊലീസ് ക്രമസമാധാനം പുനഃസ്ഥാപിച്ചത്.
ഹോട്ടൽ അധികൃതർ പ്രഖ്യാപിച്ച ആകർഷകമായ ഓഫറാണ് വലിയ ജനക്കൂട്ടത്തെ ആകർഷിച്ചത്. സാധാരണയായി ഒൻപത് യൂറോ (ഏകദേശം 941 രൂപ) വിലയുള്ള കബാബ്, ഉദ്ഘാടനത്തോടനുബന്ധിച്ച് വെറും ഒരു യൂറോയ്ക്ക് (ഏകദേശം 104 രൂപ) നൽകുമെന്ന് അറിയിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.
ആദ്യം സ്വകാര്യ സുരക്ഷാ ഏജൻസികളെ ഉപയോഗിച്ച് സ്ഥിതി നിയന്ത്രിക്കാൻ ഉടമസ്ഥർ ശ്രമിച്ചുവെങ്കിലും, ജനങ്ങൾ അക്രമാസക്തരായതോടെ കാര്യങ്ങൾ കൈവിട്ടുപോകുകയായിരുന്നു. ഇതേത്തുടർന്നാണ് അടിയന്തരമായി പൊലീസിന്റെ സഹായം തേടിയത്. തുടക്കത്തിൽ മുന്നൂറോളം പേർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നതെങ്കിലും, നിമിഷനേരം കൊണ്ട് ആയിരത്തിലധികം ആളുകൾ തടിച്ചുകൂടി അനിയന്ത്രിതമായ സാഹചര്യമുണ്ടായെന്ന് ഹോട്ടൽ ഉടമ വ്യക്തമാക്കി.




