NEWS
ഖത്തർ കെഎംസിസി ഓഫിസിൽനിന്ന് കവർന്നത് 25 കോടിയിലേറെ രൂപ; കൊയിലാണ്ടിയിലെ ബിജെപി നേതാവ് പൊലീസിൽ കീഴടങ്ങി; 6 പേർക്കെതിരെ കേസ്

കൊയിലാണ്ടി (കോഴിക്കോട്) ∙ ഖത്തറിലെ കേരള മുസ്ലിം കൾചറൽ സെന്റർ (കെഎംസിസി) ഓഫിസിൽ നിന്ന് ഒരു വർഷം മുൻപ് 8 കോടിയിലേറെ രൂപ (31 ലക്ഷം റിയാൽ) കവർന്ന കേസിൽ ബിജെപിയുടെ പ്രാദേശിക നേതാവ് പൊലീസിൽ കീഴടങ്ങി. സംഭവത്തിൽ ആറു പേർക്കെതിരെ കേസെടുത്തു. കൂടുതൽ ദുരൂഹതകൾ ഉയർത്തി മറ്റു പ്രതികൾ തമ്മിലുള്ള ഫോൺ സന്ദേശങ്ങളും പുറത്തു വന്നു. 25 കോടിയിലേറെ രൂപ കവർന്നിട്ടുണ്ടെന്നും കൊയിലാണ്ടിയിലെ ക്വട്ടേഷൻ സംഘമാണു കവർച്ച ആസൂത്രണം ചെയ്തതെന്നും സൂചന നൽകുന്നതാണ് ഒന്നാം പ്രതി ബോംബെ ഷാജി, അയാളെ കവർച്ചയ്ക്കായി നിയോഗിച്ചതെന്നു സംശയിക്കുന്നയാൾക്ക് അയച്ച ഫോൺ സന്ദേശങ്ങൾ. ബാലകൃഷ്ണനും ഷാജിക്കും പുറമെ പയ്യോളി റാഷി, ബാവ (സാലിഹ്), ഹസൻ, നിസാർ എന്നിവരെ പ്രതിചേർത്ത് എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂന്നുപേരെക്കൂടി പ്രതി ചേർക്കുമെന്നു പൊലീസ് വ്യക്തമാക്കി. കെഎംസിസിയുടെ പണമിടപാട് സംബന്ധിച്ചു കൃത്യമായ വിവരങ്ങൾ അറിയുന്ന മറ്റൊരു സംഘമാകാം കവർച്ചയ്ക്കു ക്വട്ടേഷൻ നൽകിയതെന്ന സൂചനയാണു പൊലീസിന്.കൊയിലാണ്ടിയിലും പയ്യോളിയിലുമുള്ള കെഎംസിസിയുടെ ഭാരവാഹികൾ മറ്റുള്ളവരുടെ സഹായത്തോടെ നടത്തിയതാണ് ഈ കൊള്ളയെന്ന് ആരോപിച്ച ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അന്വേഷണം കേന്ദ്ര ഏജൻസിക്കു കൈമാറണമെന്നും ആവശ്യപ്പെട്ടു.
Fashion ⏭️




