പാകിസ്ഥാനിലെ ആഡംബര ട്രെയിനിൽ ഇന്ത്യൻ യൂട്യൂബറുടെ യാത്ര; എൽസിഡി സ്ക്രീനും സുഭിക്ഷ ഭക്ഷണവും, എന്നിട്ടും നിരാശ

നവാങ്കുർ
കറാച്ചി: പാകിസ്ഥാനിലെ ഏറ്റവും വലിയ ആഡംബര ട്രെയിനുകളിലൊന്നായി വിശേഷിക്കപ്പെടുന്ന ഗ്രീൻ ലൈനിൽ യാത്ര ചെയ്ത് ഇന്ത്യൻ യൂട്യൂബർ ഡോ. നവാങ്കുർ ചൗധരി. ആധുനിക സൗകര്യങ്ങളും രൂപകൽപനയുമുള്ള ട്രെയിനിന്റെ ഉൾവശം, വേഗത, സമയനിഷ്ഠത എന്നിവയെക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോ അയാൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
മുൽത്താനിൽനിന്ന് ലാഹോറിലേക്കുള്ള യാത്രയുടെ ദൃശ്യങ്ങളാണ് യുവാവ് പങ്കുവച്ചത്. പാകിസ്ഥാൻ റെയിൽവേയുടെ ഗ്രീൻ ലൈൻ രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ആധുനിക ട്രെയിൻ സർവീസുകളിലൊന്നാണ്. ഇന്ത്യയിലെ രാജധാനി എക്സ്പ്രസുമായി ഈ ട്രെയിനിനെ താരതമ്യം ചെയ്യുമ്പോഴുള്ള അനുഭവം നേരിട്ടറിയാനാണ് നവാങ്കുറും സുഹൃത്തുക്കളും യാത്ര തിരിച്ചത്.
ടിക്കറ്റ് ബുക്കിംഗിലെ വെല്ലുവിളി
ഇന്ത്യയിൽ ഓൺലൈനായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് താരതമ്യേന എളുപ്പമാണെന്നും പാകിസ്ഥാനിൽ ടിക്കറ്റ് കിട്ടുന്നതിന് ഏറെ ബുദ്ധിമുട്ടേണ്ടിവന്നെന്നും നവാങ്കുർ പറഞ്ഞു. ബുക്കിംഗ് ആപ്പുകളിൽ സീറ്റുകളുടെ ലഭ്യതയും നിരക്കും കാണിച്ചിരുന്നെങ്കിലും പേയ്മെന്റ് ചെയ്ത് ടിക്കറ്റ് ഉറപ്പാക്കാൻ സാധിച്ചില്ല. ഒടുവിൽ മുൽത്താൻ കാന്റ് റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടറിലെത്തിയാണ് ടിക്കറ്റ് വാങ്ങിയത്.
ഒരാൾക്ക് 2,950 പാകിസ്ഥാൻ രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. ഇത് ഏകദേശം 10,010 ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ്. മുൽത്താനിൽനിന്ന് യാത്ര ആരംഭിച്ച് ഖാനേവാൾ സ്റ്റേഷനിലെത്തിയപ്പോഴാണ് ട്രയിൻ ഏകദേശം ഒന്നരമണിക്കൂർ വൈകിയാണ് സർവീസ് നടത്തുന്നതെന്ന് അറിഞ്ഞത്. ഇക്കാര്യം ട്രെയിൻ ട്രാക്കിംഗ് ആപ്പുകളിൽ കൃത്യമായി കാണിച്ചിരുന്നെന്നും നവാങ്കുർ വ്ലോഗിൽ വിശദീകരിച്ചു.
സീറ്റുകളിൽ എൽസിഡി സ്ക്രീനുകൾ
ട്രെയിന്റെ ഉൾവശത്തെ ചില സൗകര്യങ്ങൾ നവാങ്കുറെ ആകർഷിച്ചു. ഓരോ സീറ്റിലും എൽസിഡി സ്ക്രീനുകളുണ്ടായിരുന്നു. ചൈനീസ് ഭാഷ ഉൾപ്പെടെ വിവിധ ഭാഷകൾ തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യവും സ്ക്രീനുകളിലുണ്ടായിരുന്നു. ജാപ്പനീസ് ട്രെയിനുകളിൽ കാണുന്നതിന് സമാനമായി സീറ്റുകൾ പൂർണമായി തിരിക്കാനും സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ടിക്കറ്റ് നിരക്കിൽ ഉച്ചഭക്ഷണവും ഉൾപ്പെടുത്തിയിരുന്നു. ബിരിയാണി, ചിക്കൻ, നാൻ, മധുരപലഹാരങ്ങൾ എന്നിവയായിരുന്നു ഭക്ഷണത്തിൽ ഉണ്ടായിരുന്നത്. എന്നാൽ, സസ്യാഹാരികൾക്ക് പരിമിതമായ ഭക്ഷണമേ ഉണ്ടായിരുന്നുള്ളു. പരിപ്പുകറിയായിരുന്നു പ്രധാന വെജിറ്റേറിയൻ വിഭവമെന്നും നവാങ്കുർ പറഞ്ഞു.
വേഗതയും സമയനിഷ്ഠയും നിരാശപ്പെടുത്തി
ട്രയിനിന്റെ രൂപവും സൗകര്യവും മികച്ചതായിരുന്നെങ്കിലും വേഗതയും യാത്രയുടെ സമയദൈർഘ്യവും നവാങ്കുറെ നിരാശപ്പെടുത്തി. മൂന്നര മണിക്കൂർകൊണ്ട് പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ച യാത്ര അതിലേറെ നീണ്ടുപോയി. ചില റെയിൽപ്പാതകളിൽ ഒറ്റപ്പാതാ സംവിധാനമാണുള്ളതെന്നും ഇത് ട്രെയിനുകൾക്ക് ഇടയ്ക്കിടെ സ്റ്റേഷനുകളിൽ നിർത്തിയിടേണ്ട സാഹചര്യം സൃഷ്ടിക്കുന്നുണ്ടെന്നും യുവാവ് ചൂണ്ടിക്കാട്ടി.
ചില സാഹചര്യങ്ങളിൽ റോഡ് മാർഗമുള്ള യാത്രയ്ക്ക് കുറഞ്ഞ സമയം മതിയാകുന്നതിനാൽ പാകിസ്ഥാനിൽ ആളുകൾ റോഡ് ഗതാഗതത്തിനാ് മുൻഗണന നൽകുന്നതെന്നും അയാൾ പറഞ്ഞു. ആധുനിക സൗകര്യങ്ങളുണ്ടെന്നത് മാത്രം ഒരു ട്രെയിൻ യാത്രയെ മികച്ചതാക്കില്ലെന്നും വേഗത, സമയനിഷ്ഠത, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും യാത്രാനുഭവത്തിൽ നിർണായകമാണെന്നും വ്യക്തമാക്കുന്നതായിരുന്നു നവാങ്കുർ പങ്കുവച്ച വീഡിയോ.
RELATED TOPICS: PAKISTAN LUXURY TRAIN, PAKISTAN GREEN LINE TRAIN, SFI LEADER ABHIMANYU, PAKISTAN TRAIN JOURNEY, PAKISTAN TRAVEL EXPERIENCE
Business ⏭️




