NEWS
ക്രൂഡോയിൽ വില 500 ഡോളറിലേക്ക്? ഞെട്ടിച്ച് പുതിയ പ്രവചനം

ക്രൂഡോയിൽ വില ബാരലിന് 110 ഡോളറിലെത്തിയതിന്റെ ആഘാതത്തിൽ നിന്ന് ലോകവിപണികൾ കരകയറുന്നതിന് മുൻപ് ഞെട്ടിച്ച് മറ്റൊരു പ്രവചനം. 4 മാസത്തിനുള്ളിൽ രാജ്യാന്തര എണ്ണവില ബാരലിന് 140 ഡോളറിലെത്തുമെന്നാണ് പ്രവചനം. അടുത്ത 3 വർഷത്തിനുള്ളിൽ വില ബാരലിന് 500 ഡോളറിലെത്തുമെന്നും കറൻസി റിസർച്ച് അസോഷ്യേറ്റ്സ് എന്ന സാമ്പത്തിക സ്ഥാപനത്തിന്റെ വിലയിരുത്തൽ. 2024ലും കറൻസി റിസർച്ച് സമാനമായ പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്. ബാരലിന് 95 ഡോളറെന്ന നിരക്ക് വളരെ കുറവാണെന്നും ഇവരുടെ ‘ഓയിൽ ആഫ്ടർ ഇറാൻ’ എന്ന റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരി 28ന് ഇറാൻ-യുഎസ് യുദ്ധം തുടങ്ങിയതിനു പിന്നാലെയുണ്ടായ വിതരണ തടസം എണ്ണവിപണിയെ കാര്യമായി ബാധിച്ചു. യുദ്ധം തുടങ്ങിയ ശേഷമുള്ള 26 ആഴ്ചയ്ക്കിടെ 167.5 കോടി ബാരൽ ക്രൂഡോയിലിന്റെ വിതരണം മുടങ്ങി. അതായത് എണ്ണവിപണിയിൽ പ്രതിദിനം 92 ലക്ഷം ബാരലിന്റെ കുറവുണ്ടായി. 2025ൽ രാജ്യാന്തര ക്രൂഡോയിൽ ഡിമാൻഡ് പ്രതിദിനം 10.5 കോടി ബാരലായിരുന്നു . ഈ കണക്ക് അനുസരിച്ച് ഇറാൻ യുദ്ധത്തിനു ശേഷം ലോകത്തിനു ആവശ്യമായ 9 ശതമാനം ക്രൂഡോയിൽ വിപണിയിൽ എത്തിയില്ല. ഇതോടെ പല രാജ്യങ്ങളും കരുതൽ ശേഖരത്തിൽ നിന്നായിരുന്നു ക്രൂഡോയിൽ എടുത്തിരുന്നത്. ഇത് ഡിമാൻഡിൽ കാര്യമായ കുറവുണ്ടാക്കിയിട്ടില്ല. പല രാജ്യങ്ങളും കരുതൽ ശേഖരം വർധിപ്പിക്കാൻ കൂടുതൽ ക്രൂഡോയിൽ വാങ്ങാൻ തുടങ്ങും. ഇതോടെ ഡിമാൻഡ് വീണ്ടും വർധിക്കും. 2026ൽ രാജ്യാന്തര ക്രൂഡോയിൽ ഡിമാൻഡ് പ്രതിദിനം 105.7 ദശലക്ഷം ബാരലും 2027ൽ 108.3 ദശലക്ഷം ബാരലും ആയിരിക്കുമെന്ന ഒപെകിന്റെ വിലയിരുത്തലും റിപ്പോർട്ടിലുണ്ട്. യുദ്ധവും പ്രതികൂല കാലാവസ്ഥയും മൂലം പല എണ്ണയുൽപാദക രാജ്യങ്ങളും ഉൽപാദനം കുറച്ചിട്ടുണ്ട്. ഇത് പൂർണതോതിൽ പുനസ്ഥാപിക്കാൻ ഇനിയും സമയമെടുത്തേക്കും. 2018ൽ റെക്കോർഡ് ഉൽപാദനം നടന്നിരുന്ന സൗദി അറേബ്യ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണവരവിൽ കാര്യമായ കുറവുണ്ടായി. ഇറാന്റെ ക്രൂഡോയിലാകട്ടെ ഇപ്പോൾ വിപണിയിൽ എത്തുന്നതുമില്ല. ഇത്തരം സാഹചര്യങ്ങൾ ഒരുമിച്ചു വരുന്നതോടെ 2030 ആകുമ്പോൾ ബാരലിന് 500 ഡോളറായി എണ്ണവില വർധിക്കാനുള്ള സാധ്യതയുണ്ട്. 1970നു ശേഷം ഇങ്ങനെയൊരു വിലക്കുതിപ്പ് അപൂർമായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വർണം, ക്രൂഡോയിൽ എന്നിവയുടെ വില തമ്മിലുള്ള അനുപാതവും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു ഔൺസ് സ്വർണം വാങ്ങാൻ എത്ര ബാരൽ ക്രൂഡോയിൽ വേണ്ടി വരുമെന്ന കണക്കാണ് സ്വർണ-ക്രൂഡോയിൽ അനുപാതം. ഇത് നിലവിൽ 42ലാണുള്ളത്. അടുത്ത 4 മാസത്തിൽ ഇത് 30 നിരവാരത്തിലേക്ക് താഴും. ഇതോടെ എണ്ണവില 2027 ഫെബ്രുവരിയിൽ 140 ഡോളറെത്തുമെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. ഇറാൻ യുദ്ധത്തിന്റെ പ്രത്യാഘാതം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുമെന്ന ആശങ്ക ശക്തമാകുന്നതിനിടെയാണ് പുതിയ പ്രവചനവും.
Fashion ⏭️




