HEALTH
മരുന്ന് ക്ഷാമത്തിന് പരിഹാരം കാണാൻ നിർദ്ദേശം; സ്റ്റോക്ക് വിവരങ്ങൾ ഒ.പി. ഡോക്ടർമാർക്ക് നൽകണം | Govt Moves To Fix Medicine Shortage; Stock Details Must For OP Doctors

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമത്തിന് പരിഹാരം കാണാൻ ആരോഗ്യവകുപ്പിന്റെ കർശന നിർദ്ദേശം. ആശുപത്രികളിൽ ലഭ്യമായ മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് വിവരങ്ങൾ ഇനി മുതൽ ഒ.പി. ഡോക്ടർമാർക്ക് കൃത്യമായി നൽകണമെന്ന് ആവശ്യപ്പെട്ട് ഔദ്യോഗിക സർക്കുലർ പുറത്തിറങ്ങി. ഡോക്ടർമാർ എഴുതി നൽകുന്ന കുറിപ്പടികളിൽ മരുന്നുകളുടെ ജനറിക് പേരുകൾ നിർബന്ധമായും ഉൾപ്പെടുത്തണമെന്നും പുതിയ ഉത്തരവിലുണ്ട്. ഇതിലൂടെ പുറത്തുനിന്നും മരുന്ന് വാങ്ങേണ്ടി വരുന്ന രോഗികളുടെ ഭാരം കുറക്കാനും, ആശുപത്രി സ്റ്റോറുകളിൽ ലഭ്യമായ മരുന്നുകൾ മാത്രം നിർദ്ദേശിക്കണമെന്ന് ഉറപ്പാക്കാനും സാധിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമം രൂക്ഷമാണെന്ന വ്യാപക പരാതികൾക്കിടയിലാണ് ഈ സുപ്രധാന നടപടി. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലും ഈ വിഷയം ഗൗരവമായി ചർച്ചയായിരുന്നു. മരുന്ന് ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം ലാബ് പരിശോധനകൾ യാതൊരു തടസ്സവുമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും സർക്കുലർ ലക്ഷ്യമിടുന്നുണ്ട്. രോഗികൾക്ക് മികച്ച ചികിത്സയും സേവനങ്ങളും തടസ്സമില്ലാതെ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ ഇടപെടൽ. സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം ഇല്ലെന്നും എന്നാൽ ചില മരുന്നുകളിൽ കുറവുണ്ടെന്നതാണ് വസ്തുതയെന്ന് കഴിഞ്ഞ മാസം ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞിരുന്നു. മരുന്ന് വിതരണ കമ്പനികൾക്കെതിരെ കർശന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. കഴിഞ്ഞ 10 വർഷമായി വലിയ രീതിയിൽ അഴിമതി കാണിച്ച ചില മരുന്ന് കമ്പനികളുണ്ട്. അത്തരം കമ്പനികളുടെ കൈയിൽ നിന്ന് ഇനി മരുന്ന് വാങ്ങില്ലെന്ന നിലപാടിലാണ് സർക്കാരെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മരുന്ന് വിതരണം വേഗത്തിലാക്കാൻ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും മരുന്നുകൾ കുറവുണ്ടെങ്കിൽ അത് കാരുണ്യവഴി ലോക്കൽ പർച്ചേസ് നടത്താനും എല്ലാ സ്ഥാപന മേധാവികൾക്കും നിർദ്ദേശവും നൽകിയിരുന്നു. തെരഞ്ഞെടുപ്പു കാരണം പർച്ചേസ് ഓർഡർ നൽകുന്നത് വൈകിയതും പശ്ചിമേഷ്യൻ യുദ്ധവുമാണ് നിലവിൽ ചില മരുന്നുകളുടെ വിതരണത്തെ ബാധിച്ചത്.കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് സാധാരണ ഏപ്രിലിൽ നടപടികൾ പൂർത്തിയാക്കി മെയ് മാസത്തോടെ പർച്ചേസ് ഓർഡറുകൾ നൽകുന്നതാണ് പതിവ്. എന്നാൽ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം കാരണം ഏപ്രിൽ പർച്ചേസ് ഓർഡർ നൽകിയില്ല.തുടർന്ന് പുതിയ സർക്കാർ അധികാരത്തിന് എത്തിയ ശേഷമാണ് ഈ നടപടികൾ പൂർത്തിയാക്കിയത്. അത്യാവശ്യ മരുന്നുകളുടെ പട്ടികയിലെ 855 എണ്ണത്തിൽ 664 എണ്ണത്തിന് പർച്ചേസ് ഓർഡർ നൽകി കഴിഞ്ഞു. പ്രതിസന്ധികൾക്കിടയിലും 530 മരുന്നുകൾ ഇതിനോടകം സംസ്ഥാനത്ത് എത്തിച്ചു കഴിഞ്ഞു. സെപ്റ്റംബർ അവസാനത്തോടെ മരുന്നുകളെല്ലാം കൂടുതലായി എത്തും. ബാക്കിയുള്ള 191 ഇനങ്ങൾക്കായി വീണ്ടും ടെൻഡർ വിളിച്ചിട്ടുണ്ട്. നടപടികൾ വിവിധ ഘട്ടങ്ങളിലുമാണെന്നും മന്ത്രി കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു.
Life Style ⏭️




