വിവാഹവാഗ്ദാനത്തിനിടെ വിങ്ങിപ്പൊട്ടി ജ്യോതിക, ചേർത്തുപിടിച്ച് സൂര്യ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ജ്യോതിക, സൂര്യ
ആരാധകർ ഒരുപാട് സ്നേഹിക്കുന്ന താരദമ്പതികളാണ് നടൻ സൂര്യയും നടി ജ്യോതികയും. ഇരുവരുടെയും പരസ്പരസ്നേഹവും പിന്തുണയും എല്ലായ്പോഴും ആരാധകർക്കിടെയിൽ ചർച്ചയാകാറുണ്ട്. 20-ാം വിവാഹവാർഷികാഘോഷങ്ങളുടെ ഭാഗമായി താരങ്ങൾ വീണ്ടും വിവാഹിതരായത് ആ ചർച്ചകൾക്ക് കൂടുതൽ ബലം നൽകി. ഇപ്പോഴിതാ, ‘ദി സീക്വൽ’ എന്ന് പേരിട്ടിരിക്കുന്ന വിവാഹാഘോഷങ്ങളുടെ പൂർണമായ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് താരങ്ങൾ.
ഇംഗ്ലീഷ് സിനിമകളിൽ കാണുന്ന ക്രിസ്ത്യൻ വിവാഹങ്ങൾപോലെ പള്ളിയിൽവച്ചുനടന്ന ചടങ്ങിൽ തങ്ങൾക്കേറ്റവും പ്രിയപ്പെട്ടവരാണ് താരങ്ങൾക്കൊപ്പമുണ്ടായിരുന്നത്. എല്ലാവരും പാട്ടുപാടിയും നൃത്തം ചെയ്തും ഗെയിം കളിച്ചുമെല്ലാം പ്രിയപ്പെട്ട നിമിഷങ്ങൾ ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്ന വീഡിയോയിലുണ്ട്. പള്ളിയിലെ ചടങ്ങിനിടെ ഇരുവരും തങ്ങളുടെ വിവാഹവാഗ്ദാനങ്ങൾ പുതുക്കിയപ്പോൾ അവർക്കൊപ്പം ഒപ്പമുള്ളവരുടെയും കണ്ണുകൾ നിറഞ്ഞു. ഇരുവരുടെയും സ്നേഹത്തിന്റെ ആഴം വീണ്ടും തെളിയിക്കുന്നതായിരുന്നു താരങ്ങൾ പരസ്പരം നൽകിയ വാഗ്ദാനങ്ങൾ.
സുര്യയുടെ മടിയിൽകിടന്ന് മരിക്കാനാണാഗ്രഹിക്കുന്നതെന്ന് പറഞ്ഞപ്പോൾ കണ്ണുകൾനിറഞ്ഞതിനൊപ്പം ജ്യോതികയുടെ തൊണ്ടയും ഇടറി. തന്നെക്കുറിച്ച് പറയുമ്പോൾ ജ്യോതിക വികാരാധീനയാകുന്നതുകണ്ട് സൂര്യ അവരെ ചേർത്തുപിടിക്കുന്നുണ്ട്. ആ നിമിഷത്തിന് സാക്ഷിയായ പ്രിയപ്പെട്ടവർക്കും ആ സ്നേഹത്തിനുമുന്നിൽ കണ്ണുനിറയാതിരുന്നില്ല. തീർത്തും വൈകാരികമായി പോകേണ്ട ആ നിമിഷത്തെ തന്റെ സ്വതസിദ്ധമായ നർമ്മത്തിലൂടെ തിരിച്ചുപിടിക്കാനും ജ്യോതികയ്ക്കായി.
‘എന്റെ അവസാന ശ്വാസവും നിനക്കൊപ്പം വേണമെന്ന് ഞാനാഗ്രഹിക്കുന്നു. കാരണം നീ ഇല്ലാതെ എനിക്ക് ഉറങ്ങാൻ കഴിയില്ല. നീ എനിക്ക് മുന്നേ ഈ ലോകം വിട്ട് പോയാൽ അവിടെയും ഞാൻ നിന്നെ പിന്തുടരും. കാരണം എനിക്കറിയാം. നീ സ്വർഗത്തിലെ എല്ലാവരെയും ബോറടിപ്പിക്കുമെന്ന്’- ജ്യോതിക പറഞ്ഞു. മക്കൾക്കൊപ്പം വിവാഹപ്രതിജ്ഞ ചൊല്ലിയ താരങ്ങൾ ഇനിയുള്ള വർഷങ്ങളിലും ഒന്നായി തുടരാൻ തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
Business ⏭️




