TRAVEL

നാളെ മുതൽ ട്രെയിനിൽ കർശന പരിശോധന; യാത്രക്കാർ ഈ രേഖകൾ നിർബന്ധമായും കരുതണം


പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാൻ ഇന്ത്യൻ റെയിൽവേ. നാളെ മുതൽ ഈ മാസം 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം നടത്തും. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ കണ്ടെത്തുന്നതിനൊപ്പം ഇളവ് ലഭിക്കുന്ന ടിക്കറ്റുകൾ, പ്രത്യേക ക്വാട്ടയിലെ റിസർവേഷൻ, റെയിൽവേ പാസ്, ഗ്രൂപ്പ് ബുക്കിംഗ് എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കും.

ഇളവ് ലഭിക്കുന്ന നിരക്കിലോ പ്രത്യേക റിസർവേഷൻ ക്വാട്ടയിലോ ടിക്കറ്റ് എടുത്തവർ തങ്ങൾക്ക് ആ ആനുകൂല്യത്തിന് അർഹതയുണ്ടെന്ന് തെളിയിക്കുന്ന ഒറിജിനൽ തിരിച്ചറിയൽ രേഖ കൈവശം കരുതണം. ഫോണിൽ സൂക്ഷിച്ചിരിക്കുന്ന രേഖയുടെ ഫോട്ടോയോ ഫോട്ടോകോപ്പിയോ മാത്രം ആശ്രയിക്കരുതെന്നാണ് റെയിൽവേ നിർദേശം.

ഏതെല്ലാം തിരിച്ചറിയൽ രേഖകൾ അംഗീകരിക്കും?

റെയിൽവേ നിയമപ്രകാരം താഴെപ്പറയുന്ന രേഖകൾ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം.



ആധാർ കാർഡ്


പാസ്‌പോർട്ട്


പാൻ കാർഡ്


ഡ്രൈവിംഗ് ലൈസൻസ്


വോട്ടർ ഫോട്ടോ തിരിച്ചറിയൽ കാർഡ്


കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്


അംഗീകൃത സ്കൂൾ/കോളേജ് നൽകുന്ന ഫോട്ടോ പതിച്ച വിദ്യാർത്ഥി തിരിച്ചറിയൽ കാർഡ്


ഫോട്ടോ പതിച്ച ദേശസാൽകൃത ബാങ്ക് പാസ്‌ബുക്ക്


ഫോട്ടോ പതിച്ച ലാമിനേറ്റ് ചെയ്ത ബാങ്ക് ക്രെഡിറ്റ് കാർഡ്

ഗ്രൂപ്പ് ടിക്കറ്റുള്ളവർ ശ്രദ്ധിക്കണം

ഒരേ ടിക്കറ്റിൽ ഒന്നിലധികം പേർ യാത്ര ചെയ്യുന്ന സാഹചര്യത്തിലും പരിശോധന കർശനമാക്കും. ഗ്രൂപ്പ് ടിക്കറ്റിൽ ഉൾപ്പെട്ട കുറഞ്ഞത് ഒരാൾ എങ്കിലും നിർദേശിച്ച ഒറിജിനൽ തിരിച്ചറിയൽ രേഖ കൈവശം കരുതണം. രേഖ ഹാജരാക്കാൻ കഴിയാത്ത പക്ഷം ബാധകമായ റെയിൽവേ നിയമപ്രകാരം സാധുവായ ടിക്കറ്റില്ലാതെ യാത്ര ചെയ്തതായി കണക്കാക്കാൻ സാദ്ധ്യതയുണ്ട്.

ഇ-പാസ്, പി.ടി.ഒ ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണം

ഇ-പാസ് അല്ലെങ്കിൽ പ്രിവിലേജ് ടിക്കറ്റ് ഓർഡർ (പിടിഒ) ഉപയോഗിച്ച് യാത്ര ചെയ്യുന്നവർക്കും രേഖാ പരിശോധന ഉണ്ടാകും. ഇവർ ആവശ്യമായ ഒറിജിനൽ തിരിച്ചറിയൽ രേഖ കൈവശം കരുതുന്നതിനൊപ്പം യാത്രയ്ക്ക് മുമ്പ് ഇ-പാസ്/പിടിഒ നിർദേശിച്ച രീതിയിൽ അതോറിറ്റി ടു ട്രാവൽ ആയി മാറ്റിയിട്ടുണ്ടെന്നും ഉറപ്പാക്കണം.

അൺ റിസർവ്ഡ് ടിക്കറ്റുകൾക്കും പരിശോധന

അൺ റിസർവ്ഡ് ടിക്കറ്റുകളും പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കും. ടിക്കറ്റിന്റെ സാധുത പരിശോധിക്കാൻ ആവശ്യമായ സാഹചര്യങ്ങളിൽ റെയിൽവേ ജീവനക്കാർ ടിടിഇ ആപ്പ് ഉപയോഗിക്കും. സാധുവായ ടിക്കറ്റുമായി യാത്ര ചെയ്യണമെന്നും പരിശോധനാ ജീവനക്കാരുമായി സഹകരിക്കണമെന്നും സെൻട്രൽ റെയിൽവേ യാത്രക്കാരോട് അഭ്യർത്ഥിച്ചു.

ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ കനത്ത പിഴ

സാധുവായ ടിക്കറ്റോ യാത്രാനുമതിയോ ഇല്ലാതെ യാത്ര ചെയ്താൽ ഈടാക്കുന്ന കുറഞ്ഞ അധിക ചാർജ് 2026 ജൂൺ 20 മുതൽ 250 രൂപയിൽ നിന്ന് 500 രൂപയായി ഉയർത്തിയിട്ടുണ്ട്. അതിനാൽ ടിക്കറ്റും ആവശ്യമായ രേഖകളും ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് ഉയർന്ന സാമ്പത്തിക പിഴ നേരിടേണ്ടിവരും.

English Summary

Indian Railways will conduct a special ticket-checking drive across the Central Railway network from October 1 to 31. Passengers using concessionary fares, special quotas, railway passes or group bookings must carry original identification documents. Aadhaar, passport, PAN, driving licence and voter ID are accepted. Travelling without a valid ticket or authority can attract a minimum additional charge of ₹500.
RELATED TOPICS: INDIAN RAILWAYS, TRAIN TICKET CHECKING, RAILWAY RULES, PASSENGER ID DOCUMENTS, TRAIN TRAVEL RULES


Business ⏭️

Back to top button