NEWS

‘പൊലീസ് വീഴ്ച വരുത്തി, കേസന്വേഷണത്തിൽ നിന്നും പാലാരിവട്ടം ഇൻസ്പെക്ടറെ മാറ്റണം’; അൻസിബ ഹസൻ‌ കോടതിയിൽ


കൊച്ചി ∙ പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടി അൻസിബ ഹസൻ കോടതിയിൽ. നടി ലക്ഷ്മിപ്രിയയ്ക്കെതിരെ തന്റെ ഹർജിയിൽ കേസ് എടുക്കാൻ കോടതി ഉത്തരവിട്ടിട്ടും പൊലീസ് വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് ഹർജി. കേസിന്റെ അന്വേഷണത്തിൽ നിന്ന് പാലാരിവട്ടം ഇൻസ്പെക്ടറെ മാറ്റണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അൻസിബ പുതിയ ഹർജി ഫയൽ ചെയ്തത്. കോടതി ഉത്തരവും നിർദേശങ്ങളും പാലിച്ചില്ലെന്നും കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്നും ആരോപിച്ചാണ് ഹർജി. മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവിനു വിരുദ്ധമായി ഒന്നാം പ്രതിക്കെതിരെ ബിഎൻഎസ് 356(2) പ്രകാരം മാത്രം എഫ്ഐആർ റജിസ്റ്റർ ചെയ്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാൻ ഇൻസ്പെക്ടറോട് വിശദീകരണം തേടണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. നടി ലക്ഷ്മിപ്രിയയ്ക്കെതിരായ അന്‍സിബയുടെ പരാതിയിൽ കേസെടുക്കാൻ നേരത്തെ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് പാലാരിവട്ടം പൊലീസ് കേസെടുത്തെങ്കിലും മാനനഷ്ട കേസിലെ വകുപ്പുകൾ മാത്രമാണ് എഫ്ഐആറിൽ ഉണ്ടായിരുന്നത്. എന്നാൽ ഇത് ക്ലറിക്കൽ പിഴവാണെന്നും ബിഎൻഎസ് 74(ബി) വകുപ്പും ഉൾപ്പെടുത്തുമെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ഇതാണ് അൻസിബ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങളിലൊന്ന്. 


Fashion ⏭️

Back to top button