SPORTS
‘മൂന്നു കോടി കോലിയുടെ ഡൽഹിയിലെ വീട്ടിലെത്തിച്ചു, ഭക്തനായപ്പോൾ ഇന്ത്യൻ താരം കോടികൾ സംഭാവന നൽകി’

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരം വിരാട് കോലി ആത്മീയ നേതാവ് പ്രേമാനന്ദ് മഹാരാജിനെ കാണുന്നതിനായി പണം വാങ്ങിയെന്ന ആരോപണത്തിൽ ഉറച്ചുനിന്ന് ശ്രീകൃഷ്ണ ജന്മഭൂമി സംഘർഷ് ന്യാസ് പ്രസിഡന്റ് ദിനേശ് ഫലഹരി. പ്രമാനന്ദ് മഹാരാജിനെ കാണാൻ കോലി അഞ്ചു കോടി രൂപ വാങ്ങിയെന്ന ആരോപണം വിരാട് കോലിയുടെ വക്താവ് കഴിഞ്ഞ ദിവസം തള്ളിയിരുന്നു. എന്നാൽ പറഞ്ഞതു സത്യമാണെന്നും കോലിയെയും പ്രേമാനന്ദ് മഹാരാജിനെയും മോശക്കാരാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ദിനേശ് ഫലഹരി പിന്നീടു പ്രതികരിച്ചു. മഹാരാഷ്ട്രയിലെ പ്രമുഖ പിആർ കമ്പനിയും രാജസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനവുമാണ് കോലിയെയും ആത്മീയ നേതാവിനെയും ആദ്യമായി അടുപ്പിച്ചതെന്നും ദിനേശ് മാധ്യമങ്ങളോടു പറഞ്ഞു.‘‘വിരാട് കോലിക്കും മഹാരാജ് ജിക്കും പരസ്പരം അറിയുന്നതിന് മുൻപാണ് പണമിടപാടു നടന്നത്. ഒരു പിആർ കമ്പനിയുടേയും പ്രോപ്പർട്ടി ഗ്രൂപ്പിന്റെയും ആളുകളാണ് ഇടനിലക്കാരായി പ്രവര്‍ത്തിച്ച് കോലിയെ പ്രേമാനന്ദ് മഹാരാജിന്റെ അടുത്തെത്തിച്ചത്. അദ്ദേഹത്തിന്റെ ജനപ്രീതി വർധിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം. അഞ്ചു കോടിയിൽ രണ്ടു കോടി ചെക്കായും ബാക്കി തുകയായ മൂന്നുകോടി കോലിയുടെ ഡൽഹിയിലെ വീട്ടിലെത്തിച്ചുമാണു നൽകിയത്. വിരാട് കോലിയുടെ കമ്പനിയുടെ അക്കൗണ്ട് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. പിന്നീട് വിരാട് കോലി മഹാരാജ് ജിയുടെ ഭക്തനായി. കോടികൾ സംഭാവനകൾ നൽകി. വലിയ ആശ്രമമൊക്കെ പണിതു.’’– ദിനേശ് ഫലഹരി വാർത്താ ഏജൻസിയോടു പറഞ്ഞു.
Auto ⏭️




