NEWS
പുനലൂർ പോളിടെക്നിക്കിലെ മോർഫിങ് കേസ്: ചിത്രങ്ങൾ അശ്ലീല സൈറ്റുകളിൽ; വിദ്യാർഥിക്കെതിരെ കൂടുതൽ പരാതികൾ

പുനലൂർ∙ അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ എൻജിനീയറിങ് വിദ്യാർഥിക്കെതിരെ കൂടുതൽ കേസുകളുണ്ടായേക്കമെന്ന് വിവരം. പുനലൂര്‍ പോളിടെക്നിക്കിലെ വിദ്യാർഥി എസ്.അച്യുതിനെതിരെയാണ് കേസുകൾ. പോളിടെക്നിക്കിലെ അഞ്ചാം സെമസ്റ്റർ ഇലക്ട്രോണിക്സ് എൻജിനീയറിങ് വിദ്യാർഥിയാണ് അച്യുത്. ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്ന് ഇയാൾ രക്ഷിതാക്കളോടും അധ്യാപകരോടും സമ്മതിച്ചിട്ടുണ്ട്. അച്യുതിനെ കോളജിൽ നിന്നും സസ്പെൻഡ് ചെയ്തു.വിദ്യാർഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല വെബ്‌സൈറ്റുകളിൽ പ്രചരിപ്പിച്ചെന്ന കേസിൽ രേഖാമൂലം പരാതി നൽകിയില്ലെങ്കിലും തങ്ങളുടെ ഫോട്ടോയും ദുരുപയോഗം ചെയ്തുവെന്ന് ഒട്ടേറെ വിദ്യാർഥിനികൾ പ്രിൻസിപ്പലിനോട് വാക്കാൽ പരാതി പറഞ്ഞിട്ടുണ്ടെന്നു വിവരം. അച്യുതനെതിരെ രണ്ട് വിദ്യാർഥിനികൾ ആണ് പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയിരിക്കുന്നത്. സംഭവത്തെത്തുടർന്ന് പ്രിൻസിപ്പലിന്റെ അധ്യക്ഷതയിൽ അടിയന്തിര അക്കാദമിക് കമ്മിറ്റി ചേർന്നു. യോഗത്തിലെ തീരുമാനപ്രകാരവും പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലുമാണ് ശിക്ഷാനടപടി സ്വീകരിച്ചത്. ഉടൻ പൊലീസിലും പരാതി നൽകി. ഇന്നലെ പൊലീസ് കോളജിൽ എത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം ഊർജിതമാക്കി. വിദ്യാർഥിയെ കസ്റ്റഡിയിൽ എടുത്ത് മൊബൈൽ ഫോൺ ഉൾപ്പെടെ പരിശോധിച്ചാലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ ചൊവ്വാഴ്ച കോളജിൽ ചില ആഘോഷ പരിപാടികൾ നടന്നു. ഇതിനിടെ അച്യുത് ഒന്നാം വർഷ വിദ്യാർഥിനികളുടെ ചിത്രങ്ങൾ പകർത്തുന്നത് സഹപാഠികളുടെ ശ്രദ്ധയിൽപ്പെട്ടു. അച്യുതിനോട് ഇതേക്കുറിച്ചു ചോദിച്ചപ്പോൾ സഹപാഠികളുടെ നേർക്ക് കല്ലും മണ്ണും വാരി എറിഞ്ഞു. തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച അച്യുതിനെ സഹപാഠികൾ തടഞ്ഞുവച്ച് മൊബൈൽ ഫോൺ പിടിച്ചുവാങ്ങി പരിശോധിച്ചു. ഫോണിൽ മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ട വിദ്യാർഥിനികൾ വിവരം പ്രിൻസിപ്പലിനെ അറിയിക്കുകയായിരുന്നു. അച്യുതിന്റെ ഫോൺ പരിശോധിച്ചപ്പോൾ വ്യാജ പേരുകളിൽ ടെലഗ്രാം, ഇൻസ്റ്റഗ്രാം എന്നിവ ഉപയോഗിക്കുന്നതായി തെളിഞ്ഞു. വിദ്യാർഥിനികളുടെയും അധ്യാപികമാരുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങൾ പണം വാങ്ങി പല അശ്ലീല സൈറ്റുകൾക്കും വിൽപന നടത്തിയതായും തിരിച്ചറിഞ്ഞു. ഇതേക്കുറിച്ചു ചോദിച്ചപ്പോൾ പ്രതി ഇക്കാര്യം സ്കൂൾ അധികൃതരോടു സമ്മതിക്കുകയും ചെയ്തു. പിന്നാലെയാണ് പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് വിദ്യാർഥിനികളും പരാതിയുമായി പൊലീസിനെ സമീപിച്ചു. സംഭവത്തിൽ പുനലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രിൻസിപ്പലിന്റെ കൈവശമുള്ള മൊബൈൽ ഫോൺ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
Fashion ⏭️




