SPORTS
‘സഞ്ജു കളിക്കുന്നതിൽ ഒരു ചോദ്യവും വേണ്ട, അവൻ നേടിത്തന്നത് എന്താണെന്ന് മറന്നോ?; രണ്ടാം ട്വന്റി20യിൽ ഒരു മാറ്റത്തിന് മാത്രമാണ് സാധ്യത’

റാഞ്ചി ∙ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിനു മുന്നോടിയായി ഇന്ത്യൻ താരം സഞ്ജു സാംസന്റെ ഫോമാണ് പ്രധാന ചർച്ചവിഷയം. ടീമിലെ മറ്റു ബാറ്റർമാരെല്ലാം കഴിഞ്ഞ നാലു മത്സരങ്ങൾക്കിടെ ഒരു മികച്ച ഇന്നിങ്സെങ്കിലും കളിച്ചെങ്കിൽ, സഞ്ജുവിനു മാത്രം അതു സാധിച്ചിട്ടില്ല. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിലെ മൂന്നു മത്സരങ്ങളിലും പരാജയപ്പെട്ട സഞ്ജുവിന്, വെസ്റ്റിൻഡീസിനെതിരായ ആദ്യ ട്വന്റി20യിലും തിളങ്ങാനായില്ല. ആദ്യ മത്സരത്തിൽ 11 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ഏഷ്യൻ ഗെയിംസിൽ 9, 7, 2 എന്നിങ്ങനെയായിരുന്നു സ്ഞജുവിന്റെ സ്കോറുകൾ. എന്നാൽ സഞ്ജുവിനു പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ചേതേശ്വർ പൂജാര. സഞ്ജു സാംസൺ ഇപ്പോൾ മോശം ഫോമിലൂടെയാണ് കടന്നുപോകുന്നതെങ്കിലും, അദ്ദേഹത്തിന് മറ്റൊരു അവസരം നൽകുന്നതിനേക്കാൾ പ്രധാനം ടീം മാനേജ്‌മെന്റ് പിന്തുണയും സുരക്ഷിതത്വബോധവും നൽകുന്നതാണെന്ന് പൂജാര പറഞ്ഞു. ട്വന്റി20 ക്രിക്കറ്റിൽ പരാജയങ്ങൾ സ്വാഭാവികമാണെന്നും ഒരു താരം കരിയറിലെ ബുദ്ധിമുട്ടേറിയ ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ ടീം മാനേജ്‌മെന്റിന്റെ പങ്ക് കൂടുതൽ നിർണയകമാണെന്നും പൂജാര വ്യക്തമാക്കി. ‘‘നിങ്ങൾക്ക് ഒന്നോ രണ്ടോ മോശം മത്സരങ്ങൾ ഉണ്ടായേക്കാം. അങ്ങനെയുള്ള സമയത്താണ് ടീം മാനേജ്‌മെന്റ് ഇടപെടേണ്ടത്. ‘നീ ഈ ടീമിന്റെ അവിഭാജ്യ ഘടകമാണ്, പ്ലേയിങ് ഇലവനിൽ നീ ഉണ്ടാകും. അതുകൊണ്ട് യാതൊരു ഭയവുമില്ലാതെ മൈതാനത്തിറങ്ങി നിന്റെ സ്വാഭാവിക കളി പുറത്തെടുക്കൂ’ എന്ന കൃത്യമായ സന്ദേശം അവനു നൽകണം.’’– പൂജാര പറഞ്ഞു. ∙ ഒരു മാറ്റത്തിന് സാധ്യത വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ സഞ്ജു സാംസൺ ഉറപ്പായുമുണ്ടാകുമെന്നും പ്ലേയിങ് ഇലവനിൽ ഒരുപക്ഷേ ഒരു മാറ്റത്തിനുള്ള സാധ്യത മാത്രമാണ് കാണുന്നതെന്നും ചേതേശ്വർ പൂജാര പറഞ്ഞു. ‘‘ഞാൻ ഇതേ ബാറ്റിങ് നിരയുമായി തന്നെ മുന്നോട്ട് പോകും. സഞ്ജു സാംസണും അഭിഷേക് ശർമയും ഇന്നിങ്സ് ഓപ്പൺ ചെയ്യും, ഇഷാൻ കിഷൻ മൂന്നാം നമ്പറിൽ ബാറ്റിങ് തുടരും, നാലാം നമ്പറിൽ ശ്രേയസ് അയ്യർ ബാറ്റ് ചെയ്യും. മത്സരത്തിലെ സാഹചര്യത്തിനനുസരിച്ച് തിലക് വർമ, നമൻ ധീർ, ശിവം ദുബെ എന്നിവർ 5, 6, 7 സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. എട്ടാം നമ്പറിൽ അക്ഷർ പട്ടേൽ. കുൽദീപ് യാദവും പ്ലേയിങ് ഇലവന്റെ ഭാഗമായിരിക്കും. അതുകൊണ്ട് പത്ത് പേരുടെ കാര്യത്തിൽ തീരുമാനമായി.’’– പൂജാര പറഞ്ഞു.
Auto ⏭️




