SPORTS

133 പന്തിൽ 223 റൺസ്, എട്ട് സിക്സുകളും 26 ഫോറുകളും; ഡബിൾ സെഞ്ചറിയിൽ റെക്കോർഡുകൾ തകർത്തെറിഞ്ഞ ‘ഗില്ലാടി’


ഗുവാഹത്തി∙ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിലും തുടർച്ചയായ ബാറ്റിങ് വെടിക്കെട്ടുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. ഗുവാഹത്തിയിൽ 117 പന്തുകളിൽനിന്ന് ഡബിൾ സെഞ്ചറി തികച്ച് റെക്കോർഡ് ബാറ്റിങ് പ്രകടനമാണ് ശുഭ്മൻ ഗിൽ നടത്തിയത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ വേഗതയേറിയ ഡബിൾ സെഞ്ചറിയാണിത്. 2022 ൽ ബംഗ്ലദേശിനെതിരായ മത്സരത്തിൽ 126 പന്തുകളിൽനിന്ന് ഡബിൾ സെഞ്ചറി തികച്ച ഇന്ത്യൻ താരം ഇഷാൻ കിഷന്റെ റെക്കോർഡാണ് ഗിൽ തകർത്തുവിട്ടത്. 133 പന്തിൽ 223 റൺസുമായി പുറത്താകാതെ നിന്ന ഗിൽ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റിന്റെ ഗംഭീര വിജയവും പരമ്പരയും നേടിക്കൊടുത്തു.നേരത്തെ, ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ജോൺ കാംബെൽ (101), ഷായ് ഹോപ് (104), അമീർ ജാങ്കു (114) എന്നിവരുടെ സെഞ്ചറികളുടെ മികവിലാണ് 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 405 റൺസ് നേടിയത്. 3ന് ചണ്ഡിഗഡിലാണ് പരമ്പരയിലെ അവസാന മത്സരം.ഇടംവലം നോക്കാതെ അടിക്കുക; റെക്കോർഡ് റൺ ചേസിനിറങ്ങിയ ഇന്ത്യൻ ഓപ്പണർമാരുടെ നയം ഇപ്രകാരമായിരുന്നു. തുടക്കം മുതൽ ആഞ്ഞടിച്ച രോഹിത്– ഗിൽ സഖ്യം 10 ഓവറിൽ സ്കോർ 100ലേക്ക് എത്തിച്ചു. ഓവറിൽ ശരാശരി 10 റൺസ് എന്ന നിരക്കിൽ ബാറ്റ് വീശിയ ഇരുവരും വിൻഡീസ് ബോളർമാരുടെ മനോവീര്യം തല്ലിക്കെടുത്തി മുന്നേറി. ഒന്നാം വിക്കറ്റിൽ 158 പന്തിൽ 255 റൺസാണ് ഇരുവരും അടിച്ചുകൂട്ടിയത്. തന്റെ 35–ാം ഏകദിന സെഞ്ചറിക്കു പിന്നാലെ രോഹിത് മടങ്ങിയെങ്കിലും ഇന്ത്യയുടെ സ്കോറിങ് വേഗം കുറഞ്ഞില്ല. 75 പന്തിൽ 6 സിക്സും 10 ഫോറും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്. രോഹിത്തിനു പകരമെത്തിയ വിരാട് കോലി (19 പന്തിൽ 29) തുടക്കം മുതൽ അറ്റാക്കിങ് മൂഡിലായിരുന്നു. അതിവേഗം റൺ കണ്ടെത്തിയ കോലി, വിൻഡീസ് ബോളർമാരെ സമ്മർദത്തിലാക്കി. പിന്നാലെ കോലിയെ ഷമാർ ജോസഫ് വീഴ്ത്തിയെങ്കിലും ഒരറ്റത്ത് ഉറച്ചുനിന്ന ഗിൽ മത്സരത്തിൽ ഇന്ത്യയുടെ നിയന്ത്രണം നഷ്ടപ്പെടാതെ നോക്കി. ഋതുരാജ് ഗെയ്‌വാദിനെ (37 പന്തിൽ 31 നോട്ടൗട്ട്) കൂട്ടുപിടിച്ച് അനായാസം റൺസ് കണ്ടെത്തിയ ഗിൽ, 43.3 ഓവറിൽ ഇന്ത്യയെ ലക്ഷ്യത്തിൽ എത്തിച്ചു. 133 പന്തിൽ 8 സിക്സും 26 ഫോറും അടങ്ങുന്നതാണ് ഗില്ലിന്റെ ഇന്നിങ്സ്.


Auto ⏭️

Back to top button