NEWS
വാഹനത്തിന്റെ ടയറിനുള്ളിൽ യുഎഇയിലേക്ക് കടത്താൻ ശ്രമിച്ച 16.2 കിലോ ലഹരിമരുന്ന് പിടികൂടി

അബുദാബി∙ കര അതിർത്തി വഴി യുഎഇയിലേക്ക് വാഹനത്തിന്റെ ടയറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 16.2 കിലോഗ്രാം ക്രിസ്റ്റൽ മെത്താംഫെറ്റമൈൻ കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെ (ഐസിപി) കീഴിലുള്ള പോർട്ട്സ് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റിലെ ഇൻസ്പെക്ടർമാരാണ് ലഹരിമരുന്ന് വേട്ട നടത്തിയത്.അതിർത്തിയിലെ അത്യാധുനിക സ്കാനിങ് സംവിധാനങ്ങളിലൂടെ വാഹനം പരിശോധിച്ചപ്പോൾ ഉയർന്ന സംശയത്തെ തുടർന്നാണ് സമഗ്രമായ മാന്വൽ പരിശോധന നടത്തിയത്. തുടർന്ന് നടത്തിയ തിരച്ചിലിൽ വാഹനത്തിന്റെ ടയറുകളിൽ ഒന്നിൽ വളരെ വിദഗ്ധമായി ഒളിപ്പിച്ച നിലയിൽ ലഹരിമരുന്ന് കണ്ടെത്തുകയായിരുന്നു. ലഹരിമരുന്ന് കണ്ടെത്തുന്നതിൽ പ്രത്യേക പരിശീലനം ലഭിച്ച കസ്റ്റംസ്, സുരക്ഷാ സംഘങ്ങളുടെ സഹകരണത്തോടെയാണ് പരിശോധന പൂർത്തിയാക്കിയത്.
Fashion ⏭️




