SPORTS
‘സഞ്ജുവിന്റെ പ്രശ്നം അതാണ്, ഏകദിന ലോകകപ്പിൽ ഓപ്പണറായി പരിഗണിക്കേണ്ടതില്ല’: തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

മുംബൈ ∙ 2027 ഏകദിന ലോകകപ്പിൽ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ ബാക്അപ് ഓപ്പണറായി പരിഗണിക്കേണ്ടതില്ലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വസീം ജാഫർ. സഞ്ജുവിന്റെ കാര്യത്തിൽ സ്ഥിരത ഒരു പ്രശ്നമാണെന്നും താരം ട്വന്റി20യിൽ മാത്രം കളിക്കുന്നതാണ് നല്ലതെന്നും ജാഫർ പറഞ്ഞു. ദൂരദർശനിലെ ‘ദ് ഗ്രേറ്റ് ഇന്ത്യൻ ക്രിക്കറ്റ് ഷോ’യിൽ സംസാരിക്കുമ്പോഴാണ് 2027 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ വസീം ജാഫർ പങ്കുവച്ചത്. “2027 ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ സഞ്ജു സാംസണെ ഒരു ബാക്അപ് ഓപ്പണറായി ഞാൻ കാണുന്നില്ല; അദ്ദേഹത്തിന്റെ പ്രകടനത്തിൽ സ്ഥിരതയുടെ ചെറിയൊരു പ്രശ്നമുണ്ടെന്നാണ് ഞാൻ കരുതുന്നത്. ഏകദിന ക്രിക്കറ്റിൽ ക്രീസിൽ കൂടുതൽ സമയം ചെലവഴിക്കാനുള്ളതുകൊണ്ട് തന്നെ കുറച്ചുകൂടി സ്ഥിരത ആവശ്യമാണ്. സഞ്ജു തന്റെ അവസാന ഏകദിനത്തിൽ ഒരു സെഞ്ചറി നേടിയിട്ടുണ്ട്, ധാരാളം ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എന്നാൽ സ്ഥിരത എപ്പോഴും അദ്ദേഹത്തിന് ഒരു പ്രശ്നമായിരുന്നു. സഞ്ജു സാംസണേക്കാൾ മികച്ച ചില ഓപ്ഷനുകൾ ഇന്ത്യയ്ക്ക് മുന്നിലുണ്ടെന്നാണ് ഞാൻ കരുതുന്നത്. സഞ്ജുവിനെ ട്വന്റി20 ക്രിക്കറ്റ് മാത്രം കളിക്കാൻ അനുവദിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു.”– വസീം ജാഫർ പറഞ്ഞു.
Auto ⏭️


