NEWS
ദേശീയപാതയിൽ പെരുമഴപ്പുഴ, സർവീസ് റോഡിനു നടുവിൽ കാർ മുങ്ങി; ഉയരപ്പാതയിലും വെള്ളക്കെട്ട്, കടകളിലും വീടുകളിലും വെള്ളം

ചാത്തന്നൂർ∙ ശക്തമായ മഴയിൽ ദേശീയപാത പുഴയായി; കാർ വെള്ളക്കെട്ടിൽ കുടുങ്ങി, ഇരുപത്തിയഞ്ചിലേറെ കടകളിലും അപ്പാർട്മെന്റുകളിലും വീടുകളിലും വെള്ളം കയറി വ്യാപക നാശം. എസ്ബിഐ മുതൽ കാഞ്ഞിരംവിള റോഡ് ആരംഭിക്കുന്ന ഭാഗം വരെ സർവീസ് റോഡും എൽഎം മാളിനു സമീപം പ്രധാനപാതയും മുങ്ങി. ഗതാഗതം തടസ്സപ്പെട്ടു. വെള്ളക്കെട്ടിനു ശാശ്വത പരിഹാരമെന്ന പ്രഖ്യാപനങ്ങൾ എല്ലാം വെള്ളത്തിലെ വരയായി. ചൊവ്വ രാത്രി ഒൻപതരയോടെ ആരംഭിച്ച ശക്തമായ മഴയിലാണ് ദേശീയപാത മുങ്ങിയതും വെള്ളം കുത്തിയൊഴുകി കെടുതി സൃഷ്ടിച്ചതും. കനറാ ബാങ്കിന് എതിർവശത്തെ ഇടറോഡ് വെള്ളത്തിന്റെ കുത്തൊഴുക്കിൽ തകർന്നു. ദേശീയപാത അതോറിറ്റി ഏതാനും മാസം മുൻപ് നിർമിച്ച റോഡാണു തകർന്നത്. റോഡിലെ മണ്ണും കല്ലുകളും സമീപത്തെ കടയുടെ മുന്നിൽ അടിഞ്ഞുകൂടി. ശക്തമായ മഴ പെയ്യുമ്പോൾ വെള്ളക്കെട്ട് ആവർത്തിക്കുകയും വ്യാപാരികൾക്കും യാത്രക്കാർക്കും പ്രദേശവാസികൾക്കും വലിയ നഷ്ടം സംഭവിക്കുകയുമാണ്.വാഹനങ്ങൾ കുടുങ്ങി ദേശീയപാതയിൽ കാറും ഓട്ടോറിക്ഷയും ബൈക്കുകളും കുടുങ്ങി. ചാത്തന്നൂർ ജംക്ഷനു പടിഞ്ഞാറ് കനറാ ബാങ്കിനു സമീപം കാർ വെള്ളത്തിലായി. ഇവിടെ സർവീസ് റോഡിൽ മൂന്നടിയോളം വെള്ളം ഉയർന്നു. സർവീസ് റോഡിനു നടുവിൽ കാർ അകപ്പെട്ടെങ്കിലും യാത്രക്കാർ രക്ഷപ്പെട്ടു. പരവൂരിൽ നിന്നു അഗ്നിരക്ഷാ സേന എത്തി കാർ കരകയറ്റി. സർവീസ് റോഡിലെ ഗതാഗതം പൂർണമായും നിലച്ചു.എൽഎം മാളിനു സമീപം എക്സപ്രസ് ഹൈവേ അര കിലോമീറ്ററോളം പൂർണമായും മുങ്ങി. കൊല്ലം ഭാഗത്തേക്കുള്ള പാതയിൽ വെള്ളക്കെട്ട് അതീവ രൂക്ഷമായിരുന്നു. വലിയ വാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകാൻ ബുദ്ധിമുട്ടി. ഇവിടെ ഓട്ടോറിക്ഷ വെള്ളത്തിൽ അകപ്പെട്ടു. ഓട്ടോയിലെ യാത്രക്കാരായ അമ്മയെയും കുട്ടിയെയും ചാത്തന്നൂർ പബ്ലിക് ലൈബ്രറി പ്രവർത്തകർ രക്ഷപ്പെടുത്തി. മഴ തോർന്ന ശേഷമാണ് ഇവർ യാത്ര തുടർന്നത്.ഇത്തരത്തിൽ ഉയരപ്പാതയിൽ വെള്ളം കെട്ടി നിൽക്കുന്നത് വലിയ അപകടത്തിന് കാരണമാകുമെന്ന ആശങ്കയുണ്ട്. ഉയരപ്പാതയിൽ നിന്ന് സർവീസ് റോഡിലേക്ക് വെള്ളം ഒഴുകിപ്പോകാനായി ഘടിപ്പിച്ചിരുന്ന പൈപ്പുകളെല്ലാം അടഞ്ഞിരിക്കുന്നതായി നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തി.
Fashion ⏭️




