SPORTS

‘നന്ദി, ഇതിന്റെ ക്രെഡിറ്റ് നിങ്ങൾക്കു കൂടി നൽകണം..’: 41 പന്തിൽ 91 റൺസ് അടിച്ചുകൂട്ടി ഹർമൻപ്രീത്, പൊട്ടിക്കരഞ്ഞ് താരം– വിഡിയോ


റായ്‌പുർ ∙ സിംബാബ്‌വെക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ട്വന്റി20 മത്സരത്തിലെ തകർപ്പൻ അർധസെഞ്ചറിക്കു പിന്നാലെ വികാരാധീനയായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. 41 പന്തിൽ പുറത്താകാതെ 91 റൺസ് നേടിയ ഹർമൻപ്രീതിന്റെ ബാറ്റിങ് കരുത്തിൽ 92 റൺസിനാണ് ഇന്ത്യ മത്സരത്തിൽ വിജയിച്ചത്. ഇതോടെ പരമ്പര 3–0ന് ഇന്ത്യ തൂത്തുവാരുകയും ചെയ്തു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 216 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിൽ സിംബാബ്‌വെയുടെ ഇന്നിങ്സ് 20 ഓവറിൽ 7ന് 124 റൺസിൽ അവസാനിച്ചു. “വളരെ സന്തോഷം തോന്നുന്നു. കളി ആസ്വദിക്കണമെന്ന് മാത്രമാണ് ഞാൻ ആഗ്രഹിച്ചത്. ക്രീസിൽ കുറച്ചുസമയം ചെലവഴിക്കാൻ കഴിഞ്ഞതും മൈതാനത്ത് കളി ആസ്വദിക്കാൻ സാധിച്ചതും വലിയ കാര്യമായി കരുതുന്നു.’’– മൂന്നാം ട്വന്റി20യിലെ ബാറ്റിങ് പ്രകടനത്തിനു പിന്നാലെ ഹർമൻപ്രീത് പറഞ്ഞു. കമന്റേറ്റർമാരുമായി സംസാരിക്കുമ്പോൾ കണ്ണീരടക്കാൻ താരത്തിന് കഴിഞ്ഞില്ല. ഇന്ത്യൻ വനിതാ ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന ഡബ്ല്യു.വി.രാമനുമായി സംസാരിക്കുമ്പോഴാണ് ഹർമൻപ്രീത് വിതുമ്പിപ്പോയത്. 41 പന്തിൽ 5 സിക്സുകളുടെയും 10 ഫോറുകളുടെയും അകമ്പടിയോടെയാണ് ഹർമൻപ്രീത് 91 റൺസെടുത്തത്. ആഭ്യന്തര മണ്ണിൽ വനിതാ ട്വന്റി20 ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറാണിത്. കഴിഞ്ഞ വർഷം ശ്രീലങ്കയ്‌ക്കെതിരെ തിരുവനന്തപുരം ഗ്രീൻഫീൽ സ്റ്റേഡിയത്തിൽ വച്ച് സ്മൃതി മന്ഥന നേടിയ 80 റൺസിന്റെ റെക്കോർഡാണ് ഹർമൻപ്രീത് മറികടന്നത്. മൂന്നാം മത്സരത്തിൽ ഓപ്പണർ ഷെഫാലി വർമയും (37 പന്തിൽ 69) അർധസെഞ്ചറി നേടി.ഷെഫാലിയാണ് പ്ലെയർ ഓഫ് ദ് ടൂർണമെന്റ്.


Auto ⏭️

Back to top button