SPORTS
പാക്കിസ്ഥാന് ‘ഫീൽ’ ആയി കേട്ടോ…! ‘അഭിമുഖ വിവാദത്തിനു’ പിന്നാലെ ഇംഗ്ലണ്ട് ഇതിഹാസങ്ങളെ കമന്ററി പാനലിൽനിന്നു നീക്കി പിസിബി

ലഹോർ ∙ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റന്മാരായ നാസർ ഹുസൈനെയും മൈക്കൽ അതേർട്ടനെയും ഏകദിന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള കമന്ററി പാനലിൽനിന്ന് ഒഴിവാക്കി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ ഇമ്രാൻ ഖാന്റെ മക്കളുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്തതിന് പിന്നാലെയുള്ള തർക്കത്തിന്റെ തുടർച്ചയായാണ് ആറംഗ കമന്ററി പാനലിൽനിന്ന് ഹുസൈന്റെയും അതേർട്ടന്റെയും പേരുകൾ ഒഴിവാക്കപ്പെട്ടത്. 2024ൽ ഇംഗ്ലണ്ട് ഏറ്റവുമൊടുവിൽ പാക്കിസ്ഥാൻ പര്യടനം നടത്തിയപ്പോൾ അതേർട്ടനും ഹുസൈനും കമന്ററി ടീമിന്റെ ഭാഗമായിരുന്നു. ഈ മാസം 18 മുതൽ 31 വരെയാണ് പാക്കിസ്ഥാൻ, ശ്രീലങ്ക, ഇംഗ്ലണ്ട് ടീമുകൾ ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പര. അധികാരികൾ അവഗണനയിലൂടെയും ഒറ്റപ്പെടുത്തലിലൂടെയും ഇമ്രാൻ ഖാനെ കൊല്ലാൻ ശ്രമിക്കുകയാണെന്ന് അഭിമുഖത്തിനിടയിൽ കാസിമും സുലൈമാനും ആരോപിച്ചിരുന്നു. ജയിലിൽ വച്ച് പല രാഷ്ട്രീയ തടവുകാരും മരണപ്പെട്ടിട്ടുണ്ടെന്നും പാക്കിസ്ഥാൻ സർക്കാർ തന്റെ പിതാവിനോടും ഇത് തന്നെയാണ് ചെയ്യാൻ പദ്ധതിയിടുന്നതെന്നും ഇമ്രാന്റെ രണ്ടാമത്തെ മകനായ കാസിം പറഞ്ഞു. പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനുമായി ഇമ്രാൻ ഖാൻ, ഒരു ചെറിയ സെല്ലിൽ ദിവസത്തിൽ 23 മണിക്കൂറിലധികം തനിച്ചാണ് ചെലവഴിക്കുന്നതെന്നും ഇരുവരും പറഞ്ഞു.
Auto ⏭️




