NEWS

സ്പായിൽ ക്യുആർ കോഡ്, പണം പോകുന്നത് ഹെൽത്ത് ഇൻസ്‌പെക്ടർക്ക്; 16കാരിയെ എത്തിച്ച ഇളയമ്മയും ഭർത്താവും പിടിയിൽ


തിരുവനന്തപുരം∙ കോവളത്ത് പതിനാറുകാരിയായ ആന്ധ്ര സ്വദേശിനി സ്പായിൽ നിന്നു രക്ഷപ്പെട്ടത് ഒപ്പം ജോലി ചെയ്തിരുന്ന നെയ്യാർ സ്വദേശിയായ യുവാവിനൊപ്പം. സ്പായിൽ ഒരുമിച്ചു ജോലി ചെയ്തിരുന്ന യുവാവുമായി പെൺകുട്ടിക്ക് അടുപ്പമുണ്ടായിരുന്നു. തങ്ങൾ പ്രണയത്തിൽ ആയിരുന്നുവെന്നാണ് പതിനാറുകാരി പൊലീസിനു മൊഴി നൽകിയത്. ഈ യുവാവിനൊപ്പമാണ് കഴിഞ്ഞമാസം 19ന് പെൺകുട്ടി സ്പായിൽനിന്നു പോയത്. ഇവരുടെ വീട്ടിൽ എത്തിയപ്പോഴാണ് തനിക്കു നേരിടേണ്ടിവന്ന ക്രൂരതകളെക്കുറിച്ച് പെൺകുട്ടി പറഞ്ഞത്. പെൺകുട്ടി സ്പായിൽനിന്നു പോയതിനു പിന്നാലെ കുട്ടിയെ കാണാനില്ലെന്ന് കാട്ടി ഇളയമ്മ കോവളം പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടി യുവാവിന്റെ വീട്ടിലുണ്ടെന്ന് അറിഞ്ഞത്. അവിടെ എത്തിയ പൊലീസിനോട് കുട്ടി കാര്യങ്ങൾ വിശദീകരിച്ചു. പെൺകുട്ടിയുടെ കൈവശമുണ്ടായിരുന്ന ആധാർകാർഡിൽ പ്രായം 20 വയസ്സാണു രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പൊലീസ് ആന്ധ്രയിൽ പെൺകുട്ടി പഠിച്ച സ്‌കൂളുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിൽ കുട്ടിക്ക് 16 വയസ്സ് മാത്രമേ ഉള്ളൂവെന്ന് കണ്ടെത്തി. സ്‌കൂൾ ഹെഡ്മാസ്റ്റർ രേഖകൾ പൊലീസിനു നൽകിയതോടെയാണ് കുട്ടിക്കു പ്രായപൂർത്തിയായിട്ടില്ലെന്ന് തിരിച്ചറിഞ്ഞത്. പെൺകുട്ടി തനിക്കു നേരിട്ട ക്രൂരപീഡനങ്ങൾ പൊലീസിനോടു പറഞ്ഞുവെന്നും ആധാർ കാർഡിലെ തട്ടിപ്പ് പൊലീസ് കണ്ടെത്തിയെന്നും അറിഞ്ഞതോടെ ഇളയമ്മയും ഭർത്താവും ആന്ധ്രയിലേക്കു മുങ്ങി.പതിനാറുകാരി സ്പായിൽ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ അംഗം ഡോ. എഫ്. വിൽസൺ ആണ് കേസെടുത്തത്. ജില്ലാ പൊലീസ് മേധാവി, തിരുവനന്തപുരം മുനിസിപ്പൽ കോർപറേഷൻ സെക്രട്ടറി, ജില്ലാ ശിശു സംരക്ഷണ ഓഫിസർ എന്നിവരോട് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.


Fashion ⏭️

Back to top button