SPORTS
13–ാം വയസ്സിൽ അരങ്ങേറ്റം, സച്ചിനേക്കാൾ ‘മുൻപേ’ സെഞ്ചറി; പക്ഷേ ആ രാത്രി 18കാരന്റെ ജീവനെടുത്തു; ഇന്ത്യൻ ക്രിക്കറ്റിന് നഷ്ടമായ വൈഭവം!

ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്താളുകളിൽ സുവർണാക്ഷരങ്ങളാൽ എഴുതപ്പെടേണ്ടിയിരുന്ന ഒരു പേരായിരുന്നു ധ്രുവ് മഹേന്ദർ പാണ്ഡവ്. ക്രിക്കറ്റ് ലോകം സച്ചിൻ തെൻഡുൽക്കർ എന്ന മഹാവിസ്മയത്തിന് പിന്നാലെ ആവേശത്തോടെ പാഞ്ഞുകൊണ്ടിരുന്ന കാലം. അതേ സച്ചിന് തുല്യനായി, ഒരുപക്ഷേ ചില കണക്കുകളിൽ സച്ചിനെയും മറികടന്ന്, ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത വിപ്ലവമാകാൻ പോകുന്ന ഒരു പയ്യൻ പഞ്ചാബിൽ വളർന്നുവരുന്നുണ്ടായിരുന്നു. ഇടംകൈയ്യൻ ക്ലാസിക് ബാറ്റിങ് ശൈലികൊണ്ടും, കളിക്കളത്തിലെ ഭയരഹിതമായ സമീപനം കൊണ്ടും അന്നത്തെ ക്രിക്കറ്റ് പണ്ഡിതന്മാരെ മുഴുവൻ അമ്പരപ്പിച്ച കുട്ടി. എന്നാൽ, 1992 ജനുവരി 31ന് രാത്രിയുടെ ഇരുളിൽ വിധി ഒരു റോഡപകടത്തിന്റെ രൂപത്തിലെത്തി ആ കൗമാര പ്രതിഭയുടെ ജീവനെടുത്തു. ഇന്ത്യൻ ദേശീയ ടീമിലേക്ക് എത്താനിരിക്കെ, വെറും പതിനെട്ടാം വയസ്സിൽ അവൻ ഈ ലോകത്തോട് വിടപറഞ്ഞു.∙ സച്ചിനേക്കാൾ മുന്നേ നടന്ന ബാല്യം ഉയർന്നുവന്ന ധ്രുവ്, തന്റെ പതിമൂന്നാം വയസ്സിലാണ് പഞ്ചാബിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറുന്നത്. ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു ആ പ്രായം. ഇതിഹാസമായ സച്ചിൻ തെൻഡുൽക്കർ തന്റെ പതിനഞ്ചാം വയസ്സിൽ ബോംബെയ്ക്കായി അരങ്ങേറിയപ്പോൾ, അതിനും രണ്ട് വർഷം മുൻപേ ധ്രുവ് ആഭ്യന്തര ക്രിക്കറ്റിന്റെ കടുപ്പമേറിയ വേദികളിൽ പാഡണിഞ്ഞു കഴിഞ്ഞിരുന്നു.തെൻഡുൽക്കർ ഇന്ത്യൻ ദേശീയ ടീമിൽ അരങ്ങേറി റെക്കോർഡുകൾ തിരുത്തിക്കുറിച്ചുകൊണ്ടിരുന്നപ്പോൾ, തൊട്ടടുത്ത പടിയിൽ ധ്രുവുമുണ്ടായിരുന്നു. തെൻഡുൽക്കറോട് ധ്രുവിനെ ഉപമിക്കുന്നത് അന്ന് ഒരു സാധാരണ കാഴ്ചയായിരുന്നു. ദേശീയ ടീമിൽ സച്ചിനൊപ്പം ഒരുമിച്ച് ബാറ്റ് ചെയ്യുന്ന ആ ദിവസത്തിനായി ധ്രുവ് അത്രയധികം കൊതിച്ചിരുന്നു.
Auto ⏭️


