SPORTS
പാക്കിസ്ഥാൻ പരിശീലകൻ ഇന്ത്യന്‍ ഏജന്റോ? സംശയിച്ച് മുൻ താരം ! അവര്‍ ഹെസ്സനെ ഉപയോഗിക്കുമെന്ന് റാഷിദ് ലത്തീഫ്

ലഹോർ∙ പാക്കിസ്ഥാൻ ടീമിന്റെ ഹെഡ് കോച്ച് മൈക്ക് ഹെസ്സനെതിരെ ഗുരുതരമായ ആരോപണങ്ങളുയർത്തി മുൻ പാക്കിസ്ഥാൻ താരം റാഷിദ് ലത്തീഫ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടു മത്സരങ്ങൾ തോറ്റതിനു പിന്നാലെ സർഫറാസ് അഹമ്മദിനെ പാക്കിസ്ഥാൻ പരിശീലക സ്ഥാനത്തുനിന്നും പുറത്താക്കിയിരുന്നു. വൈറ്റ് ബോൾ ടീമുകളുടെ പരിശീലകനായ മൈക്ക് ഹെസ്സനാണ് പിസിബി ടെസ്റ്റ് ടീമിന്റെ കൂടി അധിക ചുമതല നൽകിയത്. എന്നാൽ മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ട് ടീം വ്യക്തമായ മേധാവിത്തം സ്ഥാപിക്കുകയാണ്. ബർമിങ്ങാമിൽ ആദ്യ ഇന്നിങ്സിൽ പാക്കിസ്ഥാൻ 133 റൺസിനു പുറത്തായപ്പോൾ, ഇംഗ്ലണ്ട് മറുപടി ബാറ്റിങ്ങിൽ 453 റൺസ് സ്കോർ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പരിശീലകനെതിരെ ആരോപണവുമായി റാഷിദ് ലത്തീഫ് രംഗത്തെത്തിയത്.‘‘പിന്നീടു വന്ന പരിശീലകരെയും ഞാൻ സംശയിക്കുന്നില്ല. എന്നാല്‍ ഐപിഎലിൽ പ്രവര്‍ത്തിച്ച ശേഷം ഇങ്ങോട്ട് വന്ന ഒരു പരിശീലകനെ അങ്ങനെ കാണാൻ സാധിക്കില്ല. അദ്ദേഹത്തെക്കുറിച്ച് എപ്പോഴും സംശയമുണ്ടായിരിക്കും. ഹെസ്സന്റെ കാര്യത്തിൽ വിശ്വാസ്യതയെന്നത് സംശയമാണ്. ഹെസ്സന് ചിലപ്പോൾ ടീമിനോടു കൂറുണ്ടാകാം. എന്നാൽ അദ്ദേഹത്തിന്റെ ചരിത്രം നന്നായി പരിശോധിക്കേണ്ടതായിരുന്നു. മൈക്ക് ഹെസ്സന് ഐപിഎലുമായി നേരിട്ടു ബന്ധമുള്ളതുകൊണ്ടു തന്നെ അവിടത്തെ ആളുകൾ അദ്ദേഹത്തെ ഉപയോഗിക്കാം. ഇങ്ങനെയാണ് ഏജന്റുമാർ ഉണ്ടാകുന്നത്.’’– റാഷിദ് ലത്തീഫ് ഒരു യുട്യൂബ് ചാനലിൽ പ്രതികരിച്ചു.
Auto ⏭️


