SPORTS

ആവേശത്തിരയിളക്കി കെസിഎൽ മൂന്നാം സീസൺ; ഗാലറിയെ ഇളക്കിമറിച്ച് ജനസാഗരം‌, താരപ്പകിട്ടേകി ഇതിഹാസങ്ങൾ


ഓണക്കാലത്ത് ഇരട്ടി മധുരം പകർന്നാണ് ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ അഞ്ച് വരെ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അരങ്ങേറിയ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മൂന്നാം സീസണിന് ആവേശകരമായ കൊടിയിറങ്ങിയത്. യുവതാരങ്ങൾക്ക് മുൻതൂക്കം നൽകി കളത്തിലിറങ്ങിയ തൃശൂർ ടൈറ്റൻസ് തങ്ങളുടെ കന്നിക്കിരീടം സ്വന്തമാക്കി. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ഉയർത്തിയ 168 റൺസെന്ന വിജയലക്ഷ്യം മൂന്ന് പന്തുകൾ ബാക്കിനിൽക്കെ മറികടന്നാണ് ടൈറ്റൻസ് കിരീടത്തിൽ മുത്തമിട്ടത്. യുവതാരം അഹമ്മദ് ഇമ്രാന്റെ തകർപ്പൻ അർധസെഞ്ചറിയും ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങിയ ക്യാപ്റ്റൻ അഖിൽ എം.എസിന്റെ ഉജ്ജ്വല പ്രകടനവുമാണ് കൊച്ചിയിൽനിന്ന് കപ്പ് തൃശൂരിലേക്കെത്തിച്ചത്. ടൂർണമെന്റിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് റണ്ണറപ്പായി; ഇത് രണ്ടാം തവണയാണ് കാലിക്കറ്റ് രണ്ടാമതെത്തുന്നത്.വളർന്നുവരുന്ന ഒട്ടേറെ യുവതാരങ്ങൾക്ക് തങ്ങളുടെ പ്രതിഭ തെളിയിക്കാനും മികച്ച മാധ്യമശ്രദ്ധ നേടിയെടുക്കാനും ഈ സീസൺ വേദിയൊരുക്കി. വിവിധ ഐപിഎൽ ഫ്രാഞ്ചൈസികളുടെ സ്കൗട്ടുകൾ പുതിയ പ്രതിഭകളെ കണ്ടെത്താനായി ഗാലറിയിൽ എത്തിയിരുന്നത് കേരളത്തിലെ യുവതാരങ്ങൾക്ക് നൽകുന്ന പ്രതീക്ഷ ചെറുതല്ല. സംഘാടന മികവുകൊണ്ടും റെക്കോർഡ് ജനപങ്കാളിത്തം കൊണ്ടും കെസിഎൽ മൂന്നാം സീസൺ കേരളാ ക്രിക്കറ്റ് ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി മാറി.തീപാറിയ സെമി ഫൈനൽ പോരാട്ടങ്ങൾ റൺമല താണ്ടി അസഹ്റുദ്ദീൻ കേരള ക്രിക്കറ്റ് ലീഗ് ചരിത്രത്തിൽ ആയിരം റൺസ് പൂർത്തിയാക്കുന്ന ആദ്യ താരമെന്ന സുവർണ നേട്ടം ആലപ്പി റിപ്പിൾസ് വൈസ് ക്യാപ്റ്റൻ മുഹമ്മദ് അസഹ്റുദ്ദീൻ സ്വന്തമാക്കി. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെതിരായ മത്സരത്തിൽ പുറത്താകാതെ നേടിയ വെടിക്കെട്ട് സെഞ്ചറിയോടെയാണ് അസറുദ്ദീൻ ഈ ചരിത്രനേട്ടം തന്റെ പേരിലാക്കിയത്. വെറും 60 പന്തിൽ 10 കൂറ്റൻ സിക്സറുകളും 5 ഫോറുകളുമടക്കം 112 റൺസ് അടിച്ചുകൂട്ടിയ താരത്തിന്റെ ഒറ്റയാൾ പോരാട്ടത്തിന്റെ മികവിൽ കാലിക്കറ്റ് ഉയർത്തിയ 213 റൺസെന്ന പടുകൂറ്റൻ വിജയലക്ഷ്യം ആലപ്പി അനായാസം മറികടന്നു. സീസണിലുടനീളം മികച്ച ഫോമിൽ ബാറ്റുവീശിയ അസറുദ്ദീൻ പവർപ്ലേ ഓവറുകളിൽ ബോളർമാർക്ക് മേൽ പൂർണ ആധിപത്യം സ്ഥാപിച്ചുകൊണ്ട് ടീമിന് മികച്ച അടിത്തറ പാകി.


Auto ⏭️

Back to top button