SPORTS

ജോലിഭാരം: കിവീസിനെതിരായ ഏകദിന പരമ്പരയിലും ബുമ്രയ്ക്ക് ‘വിശ്രമം’; സൂപ്പർ പേസറുടെ കാര്യത്തിൽ നിർണായക തീരുമാനമെടുത്ത് ബിസിസിഐ


മുംബൈ ∙ ഇന്ത്യയുടെ ന്യൂസീലൻഡ് പര്യടനം ഈ മാസം 22ന് ട്വന്റി20 പരമ്പരയോടെയാണ് ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയ്ക്കു ശേഷം ഏകദിന പരമ്പരയും ടെസ്റ്റ് പരമ്പരയുമുണ്ട്. അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പും ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലും കണക്കിലെടുക്കുമ്പോൾ, ഏകദിന, ടെസ്റ്റ് പരമ്പരകൾക്കായിരിക്കും കൂടുതൽ പ്രാധാന്യം. ഏകദിന പരമ്പര നവംബർ 4 മുതൽ 15 വരെയും ടെസ്റ്റ് പരമ്പര നവംബർ 19ന് ആരംഭിച്ച് ഡിസംബർ ആദ്യം വരെയും നീണ്ടുനിൽക്കും. ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ നേരത്തെ തന്നെ പ്രഖ്യാപിച്ച ബിസിസിഐ, ഏകദിന ടീമിനെ ഈയാഴ്ച പ്രഖ്യാപിച്ചേക്കും.ഏകദിന മത്സരങ്ങളിൽ നിന്ന് ബുമ്രയ്ക്ക് വിശ്രമം നൽകുമെന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ കുറച്ചുകാലമായി പ്രചരിക്കുന്നുണ്ടായിരുന്നു. ‘‘ബുമ്ര പൂർണ ആരോഗ്യവാനാണ്. എന്നാൽ ഒരു നീണ്ട പര്യടനത്തിൽ മുൻഗണനകൾ നിശ്ചയിക്കേണ്ടത് പ്രധാനമാണ്. ടെസ്റ്റ് പരമ്പര വളരെ നിർണായകമാണ്, അതിനാൽ ഏകദിന മത്സരങ്ങളിൽ ബുമ്രയെ കഠിനമായി കളിപ്പിച്ച ശേഷം പെട്ടെന്ന് റെഡ്-ബോൾ ക്രിക്കറ്റിലേക്ക് ശ്രദ്ധ മാറ്റുന്നതിൽ അർഥമില്ല.’’– ഒരു ബിസിസിഐ വൃത്തം പറഞ്ഞു. പ്രാധാന്യമില്ലാത്ത ഉഭയകക്ഷി പരമ്പരകളിൽ ബുമ്രയെ കളിപ്പിക്കുന്നതിൽ അർഥമില്ലെന്നും ടെസ്റ്റ് ചാംപ്യൻഷിപ്, ലോകകപ്പ് തുടങ്ങിയ പ്രധാന ടൂർണമെന്റുകളിൽ ബുമ്രയെ പരമാവധി ഉപയോഗിക്കാനുമാണ് ശ്രമമെന്നും ബിസിസിഐ വൃത്തം പറഞ്ഞു.ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തതിന് ശേഷം വെസ്റ്റിഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ നിന്ന് ബുമ്രയ്ക്ക് വിശ്രമം അനുവദിക്കുകയായിരുന്നു. താരത്തിന്റെ അസാന്നിധ്യത്തിൽ, വിൻഡീസിനെതിരായ പരമ്പരയിലെ ഫ്ലാറ്റ് പിച്ചുകളിൽ ഇന്ത്യയുടെ ബോളിങ് നിര കടുത്ത പരീക്ഷണങ്ങളാണ് നേരിടുന്നത്. രണ്ടാം ട്വന്റി20യിൽ 250 റൺസിന്റെ റെക്കോർഡ് ചേസ് നടത്തിയ വിൻഡീസ്, നാലാം ട്വന്റി20യിൽ 247 റൺസാണ് അടിച്ചുകൂട്ടിയത്.  


Auto ⏭️

Back to top button