ഖുല ചൊല്ലി വിവാഹബന്ധം വേർപെടുത്തി ഭാര്യ; മഹറും പാരിതോഷികങ്ങളും തിരികെ നൽകണമെന്ന് കോടതി ഉത്തരവ്

കുടുംബ കോടതി
പാലക്കാട്: ഇസ്ളാം വ്യക്തിനിയമപ്രകാരം ‘ഖുല’ ചൊല്ലി വിവാഹബന്ധം വേർപെടുത്തിയ ഭാര്യ ഭർത്താവിൽ നിന്ന് ലഭിച്ച മഹറും മറ്റ് പാരിതോഷികങ്ങളും തിരികെ നൽകണമെന്ന് കോടതി. ഒറ്റപ്പാലം കുടുംബ കോടതിയുടേതാണ് വിധി. രാജ്യത്തുതന്നെ അപൂർവമായ വിധിയാണിത്. ഭർത്താവ് പെരിന്തൽമണ്ണ സ്വദേശിയും ഭാര്യ തിരുവേഗപ്പുറ സ്വദേശിനിയുമാണ്. ഇസ്ളാമിക നിയമപ്രകാരം ഭർത്താവിന് നൽകിയിട്ടുള്ള ‘തലാഖ്’ എന്ന അവകാശത്തിന് തുല്യമായി സ്ത്രീ നൽകിയിട്ടുള്ള അവകാശമാണ് ‘ഖുല’.
കുടുംബബന്ധത്തിലുണ്ടായ തർക്കങ്ങളെത്തുടർന്ന് ഇസ്ളാമിക നിയമം സ്ത്രീകൾക്ക് അനുവദിക്കുന്ന അവകാശമായ ഖുല വഴി യുവതി വിവാഹബന്ധം വേർപെടുത്തുകയായിരുന്നു. തുടർന്ന് ഭർത്താവിന് നോട്ടീസ് അയച്ചു. പിന്നാലെ താൻ വിവാഹസമയത്ത് നൽകിയ മഹറും ആഭരണങ്ങളും പാരിതോഷികങ്ങളും തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് ഭാര്യയെയും ഭാര്യാമാതാവിനെയും എതിർകക്ഷികളാക്കി യുവാവ് ഒറ്റപ്പാലം കുടുംബകോടതിയെ സമീപിക്കുകയായിരുന്നു.
കോടതി വിധിയനുസരിച്ച് വിവാഹ പാരിതോഷികമായ അഞ്ച് പവൻ യുവതി തിരികെ നൽകണം. വിവാഹ സമയത്ത് ലഭിച്ച ആറുപവൻ ആഭരണങ്ങളും തിരികെ നൽകണം. വിധി വന്ന് 30 ദിവസത്തിനകമാണ് ഇത് നൽകേണ്ടത്. വീഴ്ച വരുത്തിയാൽ ഭാര്യയുടെ സ്വത്തുവകകളിൽ നിന്ന് തുക കണ്ടുകെട്ടാമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.
English Summary
A family court in Ottapalam, Palakkad, has ordered a woman who ended her marriage through khula under Islamic personal law to return wedding gifts and jewellery received from her husband. The ruling requires her to return five sovereigns of wedding gifts and six sovereigns of jewellery within 30 days. Failure to comply may result in recovery from her assets.
RELATED TOPICS: OTTAPALAM FAMILY COURT VERDICT, KHULA DIVORCE KERALA, MAHR RETURN COURT ORDER, MUSLIM PERSONAL LAW KERALA, KHULA VIVAHAMOCHANAM
Read News ⏭️



