SPORTS
ലങ്കയെ എറിഞ്ഞിടാൻ ‘പാടുപെട്ട്’ ബോളർമാർ, ഇനി ‘അടിച്ചെടുക്കണം’; അവസാന സെഷനിൽ ഇന്ത്യയ്ക്ക് 207 റൺസ് വിജയലക്ഷ്യം

കൊളംബോ ∙ ശ്രീലങ്ക ഇലവനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് 207 റൺസ് വിജയലക്ഷ്യം. ഒന്നാം ഇന്നിങ്സിൽ ആറു റൺസ് ലീഡ് നേടിയ ശ്രീലങ്ക, രണ്ടാം ഇന്നിങ്സിൽ 45 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുത്തു. അവസാന ദിനത്തിന്റെ അവസാന സെഷനിൽ 45 ഓവറിൽ 207 റൺസ് നേടിയാൽ ഇന്ത്യയ്ക്ക് ജയം സ്വന്തമാക്കാം. സന്നാഹ മത്സരമായതിനാൽ ഇരു ടീമുകൾക്കും ആദ്യ ഇന്നിങ്സിൽ 90 ഓവർ വീതവും രണ്ടാം ഇന്നിങ്സിൽ 45 ഓവർ വീതവുമാണ് ബാറ്റിങ്ങിന് അവസരം ലഭിക്കുക.നേരത്തെ, സെഞ്ചറി നേടിയ ദേവ്ദത്ത് പടിക്കലിന്റെയും (142 നോട്ടൗട്ട്) അർധസെഞ്ചറി നേടിയ രവീന്ദ്ര ജഡേജയുടെയും (63) ബാറ്റിങ്ങാണ് ഒന്നാം ഇന്നിങ്സിൽ ഇന്ത്യയെ വലിയ നാണക്കേടിൽനിന്നു രക്ഷിച്ചത്. 6ന് 357 എന്ന സ്കോറിലാണ് ഇന്ത്യ ഒന്നാം ഇന്നിങ്സ് അവസാനിപ്പിച്ചത്. ഒന്നാം ഇന്നിങ്സിൽ ലങ്ക 8ന് 363 റൺസ് നേടിയിരുന്നു. രണ്ടാം ദിനം പിച്ച് ബാറ്റിങ്ങിന് അനുകൂലമായിരുന്നെങ്കിലും ഞെട്ടലോടെയാണ് ഇന്ത്യ തുടങ്ങിയത്. യശസ്വി ജയ്സ്വാളിനെ (0) തുടക്കത്തിൽ തന്നെ സന്ദർശകർക്ക് നഷ്ടമായി. രണ്ടാം വിക്കറ്റിൽ കെ.എൽ.രാഹുലിനൊപ്പം (40) 96 റൺസും മൂന്നാം വിക്കറ്റിൽ ജഡേജയ്ക്കൊപ്പം 72 റൺസും ചേർത്ത ദേവ്ദത്താണ് തുടക്കത്തിലെ തകർച്ചയിൽനിന്ന് ഇന്ത്യയെ കരകയറ്റിയത്.
Auto ⏭️


