SPORTS
ചിട്ടയോടെ പന്തെറിഞ്ഞ് ജപ്പാൻ, ഇന്ത്യയുടെ നനഞ്ഞ ബാറ്റിങ്, ലാസ്റ്റ് ഓവർ ത്രില്ലറിൽ കഷ്ടിച്ച് രക്ഷപെട്ടു!

സനോ ∙ ഒരു പരിശീലന മത്സരത്തിന്റെ ആലസ്യത്തിലാണ് ജപ്പാനെതിരായ സുസുക്കി കപ്പ് ട്വന്റി20 ക്രിക്കറ്റ് മത്സരത്തിനായി ടീം ഇന്ത്യ ഇറങ്ങിയത്. എന്നാൽ നിലവിലെ ലോക ചാംപ്യൻമാരെ ആലസ്യത്തിൽനിന്നു തട്ടിയുണർത്തി ആശങ്കയുടെ ആഴങ്ങളിലേക്ക് തള്ളിയിടാൻ ജപ്പാനു വേണ്ടിവന്നത് വെറും 5 ഓവർ. ആവേശം അവസാന പന്തുവരെ നീണ്ട മത്സരത്തിൽ 2 റൺസ് ജയവുമായി, ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിയിൽനിന്ന് ടീം ഇന്ത്യ കഷ്ടിച്ചു തടിതപ്പി. മഴമൂലം 5 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 32 റൺസിൽ പിടിച്ചുകെട്ടിയ ജപ്പാൻ കരുത്തുകാട്ടി. മറുപടി ബാറ്റിങ്ങിൽ അവസാന പന്തുവരെ പൊരുതിയെങ്കിലും 2 റൺസ് അകലെ ജപ്പാന്റെ വിജയപ്രതീക്ഷ അസ്തമിച്ചു. സ്കോർ: ഇന്ത്യ 5 ഓവറിൽ 4ന് 32. ജപ്പാൻ 5 ഓവറിൽ 3ന് 30. 2027ലെ ഇന്ത്യ- ജപ്പാൻ നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് സൗഹൃദ മത്സരം സംഘടിപ്പിച്ചത്.മറുപടി ബാറ്റിങ്ങിനിറങ്ങിയ ജപ്പാന് അക്ഷർ പട്ടേൽ എറിഞ്ഞ അവസാന ഓവറിൽ 8 റൺസ് മാത്രമായിരുന്നു ജയിക്കാൻ ആവശ്യം. ആദ്യ പന്തിൽ റൺ നേടാൻ ജപ്പാൻ താരങ്ങൾക്ക് സാധിച്ചില്ല. അടുത്ത പന്തിൽ സിംഗിൾ. മൂന്നാം പന്ത് വൈഡ്. അടുത്ത പന്തും അംപയർ വൈഡ് വിളിച്ചു. എന്നാൽ ബാറ്റർ റിവേഴ്സ് സ്വീപ്പിനു ശ്രമിച്ചതിനാൽ അത് വൈഡ് അല്ലെന്ന് ഇന്ത്യൻ താരങ്ങൾ വാദിച്ചതോടെ അംപയർ തീരുമാനം പിൻവലിച്ചു. ഇതോടെ അവസാന 3 പന്തിൽ ജപ്പാൻ ജയിക്കാൻ വേണ്ടത് 6 റൺസ്. എന്നാൽ 3 പന്തിലും ഓരോ സിംഗിൾ വീതം നേടാനേ ജപ്പാനു സാധിച്ചുള്ളൂ. അതോടെ ഇന്ത്യയ്ക്ക് 2 റൺസിന്റെ ആശ്വാസ ജയം.നനഞ്ഞ ബാറ്റിങ്നേരത്തേ, ചിട്ടയോടെ പന്തെറിഞ്ഞ ജപ്പാൻ താരങ്ങൾ ഇന്ത്യയെ വിറപ്പിച്ചു. ഓപ്പണർ അഭിഷേക് ശർമയെ (0) സ്പിന്നർ ചാർലി ഹരാ ഹിൻസെ ആദ്യ പന്തിൽ വീഴ്ത്തി. പിന്നാലെ സഞ്ജു സാംസൺ (9), ഇഷാൻ കിഷൻ (3) എന്നിവരും ഔട്ടായി. 12 പന്തിൽ 16 റൺസ് നേടിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് ടോട്ടൽ 32ൽ എത്തിച്ചത്. മത്സരത്തിൽ ഒരു സിക്‌സ് പോലും നേടാൻ ഇന്ത്യയ്ക്കായില്ല. ആകെ നേടിയത് 2 ഫോർ മാത്രം. ശ്രേയസാണ് പ്ലെയർ ഓഫ് ദ് മാച്ച്.
Auto ⏭️




