HEALTH

പുകവലി മാത്രമല്ല വില്ലൻ; ശ്വാസകോശത്തെ നിശബ്ദമായി തകർക്കുന്ന മറ്റ് കാരണങ്ങൾ ഇവ


പ്രതീകാത്മക ചിത്രം

ഓരോ നിമിഷവും നാം അറിയാതെ തന്നെ ശ്വസിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ശ്വാസകോശത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നത് പലപ്പോഴും ശ്വാസതടസ്സമോ മറ്റ് അസ്വസ്ഥതകളോ ഉണ്ടാകുമ്പോഴാണ്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ശ്വാസകോശാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിക്കുകയാണ് സെപ്തംബർ 25ന് ആചരിക്കുന്ന ലോക ശ്വാസകോശ ദിനം. 2026ലെ ദിനാചരണത്തിന്റെ പ്രമേയം ‘ജീവിതത്തിലുടനീളം ശ്വാസകോശാരോഗ്യ സംരക്ഷണം’ (A Lifetime into Lung Health) എന്നതാണ്. ഫോറം ഓഫ് ഇന്റർനാഷണൽ റെസ്പിറേറ്ററി സൊസൈറ്റീസിന്റെ നേതൃത്വത്തിലാണ് ദിനാചരണം.

ശ്വാസകോശത്തിന്റെ ആരോഗ്യത്തെ പല ഘടകങ്ങളും സ്വാധീനിക്കുന്നുണ്ട്. പുകവലി, വായുമലിനീകരണം, പൊടി, രാസവസ്തുക്കൾ എന്നിവയുമായുള്ള ദീർഘകാല സമ്പർക്കം, തൊഴിലിടങ്ങളിലെ മലിനമായ അന്തരീക്ഷം തുടങ്ങിയവ ശ്വാസകോശത്തിന് ഗുരുതരമായ ഭീഷണിയാകാം. പുകവലിക്കുന്നവർക്ക് മാത്രമല്ല, മറ്റുള്ളവരുടെ പുക ശ്വസിക്കുന്നവർക്കും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാം. കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, ആസ്ത്മ ഉൾപ്പെടെയുള്ള ശ്വാസകോശ രോഗങ്ങളുള്ളവർ എന്നിവർക്ക് ഇത്തരം ദോഷഫലങ്ങൾ കൂടുതൽ ഗുരുതരമായേക്കാം.

കുട്ടിക്കാലം മുതൽ തന്നെ പുകവലിയിൽ നിന്നും മലിനീകരണത്തിൽ നിന്നും പരമാവധി അകന്നുനിൽക്കുകയും ശുദ്ധവായുവും ആരോഗ്യകരമായ അന്തരീക്ഷവും ഉറപ്പാക്കുകയും വേണം. വീടുകളിലും പൊതുസ്ഥലങ്ങളിലും പുകവലി ഒഴിവാക്കണം. പൊടി, പുക, രാസവസ്തുക്കൾ എന്നിവയുമായി നിരന്തരം സമ്പർക്കം പുലർത്തുന്ന തൊഴിലിടങ്ങളിൽ ജോലി ചെയ്യുന്നവർ ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുകയും സുരക്ഷാനിർദേശങ്ങൾ പാലിക്കുകയും വേണം.

ശ്വാസകോശ രോഗങ്ങളുടെ കാര്യത്തിൽ നേരത്തെയുള്ള രോഗനിർണയത്തിന് വലിയ പ്രാധാന്യമുണ്ട്. ദീർഘകാലമായി തുടരുന്ന ചുമ, ശ്വാസതടസ്സം, ശ്വാസംമുട്ടൽ, നെഞ്ചിലെ അസ്വസ്ഥത, ആവർത്തിച്ചുണ്ടാകുന്ന ശ്വാസകോശ അണുബാധ, അസാധാരണമായ ക്ഷീണം, രക്തം കലർന്ന കഫം തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുത്. ഇത്തരം ലക്ഷണങ്ങൾ തുടർന്നാൽ സ്വയം ചികിത്സയ്ക്ക് പകരം ഡോക്ടറുടെ ഉപദേശം തേടണം. രോഗസാദ്ധ്യതയുള്ളവർക്ക് ഡോക്ടറുടെ നിർദേശപ്രകാരമുള്ള പരിശോധനകളും സ്‌ക്രീനിംഗും രോഗം നേരത്തെ കണ്ടെത്താനും സമയബന്ധിതമായി ചികിത്സ ആരംഭിക്കാനും സഹായിക്കും.


ശ്വാസകോശാരോഗ്യം നിലനിർത്താൻ സ്ഥിരമായ ശാരീരിക പ്രവർത്തനവും പോഷകസമൃദ്ധമായ ഭക്ഷണവും മതിയായ ഉറക്കവും സഹായകരമാണ്. പ്രായത്തിനും ആരോഗ്യസ്ഥിതിക്കും അനുയോജ്യമായ വ്യായാമം ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമതയും ശരീരത്തിന്റെ പൊതുവായ ആരോഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ, വാക്‌സിനേഷനും ഡോക്ടറുടെ നിർദേശപ്രകാരമുള്ള പ്രതിരോധ നടപടികളും ചില ശ്വാസകോശ അണുബാധകളിൽ നിന്ന് സംരക്ഷണം നല്‍കും. കാലാവസ്ഥയിലും വായുനിലവാരത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം.

ശ്വാസകോശാരോഗ്യ സംരക്ഷണത്തിൽ ശരിയായ അറിവിനും പ്രധാന പങ്കുണ്ട്. ഇൻഹേലർ ശരിയായ രീതിയിൽ ഉപയോഗിക്കുന്നത്, പുകവലി ഉപേക്ഷിക്കേണ്ടതിന്റെ പ്രാധാന്യം, ശ്വാസകോശ രോഗങ്ങളുടെ ആദ്യകാല ലക്ഷണങ്ങൾ, ശ്വാസകോശാർബുദം തുടങ്ങിയ വിഷയങ്ങളിൽ ബോധവൽക്കരണം ആവശ്യമാണ്. ഇൻഹേലർ ഉപയോഗിക്കുന്നവർ മരുന്ന് കൃത്യമായി കഴിക്കുന്നതിനൊപ്പം അത് ശരിയായ രീതിയിലാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുകയും വേണം.

സ്‌കൂളുകളും തൊഴിലിടങ്ങളും ശ്വാസകോശാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമാകണം. കുട്ടികളിൽ ചെറുപ്പം മുതലുള്ള അവബോധത്തിനായി ‘Breathe Easy’ പോലുള്ള പരിപാടികൾ സംഘടിപ്പിക്കാം. തൊഴിലിടങ്ങളിൽ പുകവലി രഹിത മേഖലകൾ ഉറപ്പാക്കുന്നതിനൊപ്പം മതിയായ വായുസഞ്ചാരം, പൊടിനിയന്ത്രണം, ശുചിത്വം എന്നിവയിലൂടെ ഇൻഡോർ വായുനിലവാരം മെച്ചപ്പെടുത്താനും ശ്രദ്ധിക്കണം.


കുടുംബാംഗങ്ങളുടെ ആരോഗ്യശീലങ്ങൾപരസ്പരം പ്രോത്സാഹിപ്പിക്കുന്നതും ശ്വാസകോശ സംരക്ഷണത്തിന് സഹായകരമാണ്. ആരോഗ്യകരമായ ശീലങ്ങൾ ചെറുപ്പത്തിൽ തന്നെ വളർത്തുന്നത് ഭാവിയിലെ രോഗസാദ്ധ്യത കുറയ്ക്കാൻ സഹായിക്കും.

ശ്വാസകോശ സംരക്ഷണം നാളത്തേക്ക് മാറ്റിവയ്‌ക്കേണ്ടതല്ല. പുകവലിക്ക് ‘ഇല്ല’ എന്ന് പറയാം. മലിനീകരണത്തില്‍ നിന്ന് സ്വയം സംരക്ഷിക്കാം. തുടർച്ചയായ ചുമയോ ശ്വാസതടസ്സമോ ഉൾപ്പെടെയുള്ള മുന്നറിയിപ്പ് ലക്ഷണങ്ങൾ അവഗണിക്കാതെ കൃത്യ സമയത്ത് വൈദ്യസഹായം തേടാം. സ്വന്തം ശ്വാസകോശത്തെ സംരക്ഷിക്കുന്നതിനൊപ്പം കുടുംബത്തിനും സമൂഹത്തിനും ശുദ്ധവായു ഉറപ്പാക്കാനുള്ള ഉത്തരവാദിത്വവും ഏറ്റെടുക്കാം. ആരോഗ്യമുള്ള ശ്വാസമാണ് ആരോഗ്യകരമായ ജീവിതത്തിന്റെ അടിത്തറ. അതുകൊണ്ട്, ഓരോ ശ്വാസവും കരുതലോടെ കാത്തുസൂക്ഷിക്കാം-ഇന്നുതന്നെ, ജീവിതകാലം മുഴുവൻ.

Dr. Sofia Salim Malik
Senior Consultant Pulmonologist,
Allergy, Immunology &Sleep Consultant
SUT Hospital, Pattom
RELATED TOPICS: LUNG HEALTH, SMOKING, AIR POLLUTION, RESPIRATORY HEALTH, WORLD LUNG DAY


Travel ⏭️

Back to top button