NEWS
ഡിജിറ്റൽ കറൻസി, മിനി എടിഎം, ജിയോ ഫെൻസിങ്…; റേഷൻകടകളിൽ ഡിജിറ്റൽ വിപ്ലവം: എന്തൊക്കെ സംഭവിക്കും?

“കേരളം ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിൽ ഡിജിറ്റൽ കറൻസി വഴി റേഷൻ വാങ്ങാൻ സൗകര്യമൊരുക്കുന്നു. സ്മാർട് പിഡിഎസ് അടുത്ത മാസം മുതൽ.” – രാജ്യം വൻ വിപ്ലവത്തിനൊരുങ്ങുകയാണെന്ന സൂചനയാണ് മുകളിലെ വാർത്ത നൽകുന്നത്. എന്നാൽ റേഷൻകടകളെ നവീകരിക്കുന്നതിനിടെ ഇ–പോസ് സംവിധാനം ‘പോസ്’ ചെയ്യുമോയെന്നാണ് ഇപ്പോഴത്തെ സംശയം. ഇടയ്ക്കിടെ മെഷീൻ കേടാകുന്നതിനും സാങ്കേതിക തകരാറിനുമൊക്കെ പരിഹാരം കണ്ടെത്താൻ പുതിയ സംവിധാനത്തിനു സാധിക്കുമോ? പരിശോധിക്കാംഇ–പോസിന്റെ ‘പോസ്’ യാഥാർഥ്യമോ? പൊതുവിതരണ സമ്പ്രദായത്തിൽ (പിഡിഎസ്) സുതാര്യത ഉറപ്പാക്കാനും റേഷൻ കടകളുടെ പ്രവർത്തനം കൂടുതൽ എളുപ്പമാക്കാനും സഹായിക്കുന്ന ഡിജിറ്റൽ ഉപകരണമാണ് ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ–പോസ്) . റേഷൻ വാങ്ങാൻ എത്തുന്നയാളുടെ വിരലടയാളം എടുത്ത് കാർഡ് ഉടമയാണെന്ന് ഉറപ്പുവരുത്തിയ ശേഷമേ സാധനങ്ങൾ നൽകൂ. ഒരാളുടെ പേരിൽ മറ്റൊരാൾ റേഷൻ തട്ടിയെടുക്കുന്നത് തടയാനും റേഷൻ സാധനങ്ങൾ മറിച്ചുവിൽക്കുന്നത് പൂർണമായി ഒഴിവാക്കാനും ഈ സംവിധാനം സഹായിക്കുന്നുണ്ട്. ഈ മെഷീനിൽത്തന്നെ അളവു തൂക്കങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നതിനാൽ തട്ടിപ്പും വെട്ടിപ്പും നടക്കില്ലെന്ന് ചുരുക്കം.സ്മാർട് പിഡിഎസ് എന്ന ‘സ്മാർട് ചേഞ്ച്’ ഏറെ പ്രത്യേകതകളോടെയാണു സ്മാർട് പിഡിഎസ് വഴി പുതിയ മെഷീനുകൾ റേഷൻകടകളിലെത്തുന്നത്. നിർമിത ബുദ്ധിയും ഡിജിറ്റൽ കറൻസിയും അടിസ്ഥാനമാക്കിയുള്ള യന്ത്രങ്ങളാകും അവ. പുതിയ യന്ത്രത്തിൽ ഐറിസ് സ്കാനർ (കണ്ണ്), ഫെയ്സ് റെക്കഗ്നിഷൻ എന്നിവയുണ്ടാകും. വിരലടയാളം പതിയാത്തവർക്ക് ഇവയിലൂടെ റേഷൻ നൽകാനാകും. ക്രമക്കേട് തടയാനായി, കടയിൽനിന്ന് 50 മീറ്റർ മാറ്റിയാൽ യന്ത്രം തനിയെ ഓഫ് ആകുന്ന ജിയോ ഫെൻസിങ് സംവിധാനവുമുണ്ടാകും. വ്യാജ റേഷൻ കാർഡും ആൾമാറാട്ടവും തടയാനായാണ് എഐ അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യ. വാതിൽപടി വിതരണത്തിലുള്ള ലോറികളുടെ റൂട്ട്, സംഭരണശാലകളിലെ നിരീക്ഷണം തുടങ്ങിയവയ്ക്കും നിർമിതബുദ്ധി പ്രയോജനപ്പെടുത്തും. മെഷീൻ ലേണിങ്, നാച്വറൽ ലാംഗ്വേജ് പ്രോസസിങ്, ബ്ലോക് ചെയിൻ തുടങ്ങിയ സാങ്കേതികവിദ്യകളും ഉപയോഗിക്കും. ഇ– പോസ് യന്ത്രങ്ങളിൽ മൈക്രോ എടിഎം സേവനങ്ങളും ഉൾപ്പെടുത്തും. ഇതോടെ റേഷൻ കടയിൽ നിന്നുതന്നെ പണം പിൻവലിക്കാനുള്ള സൗകര്യവുമുണ്ടാകും.
Fashion ⏭️




