SPORTS

ശ്രേയസ്സ് നയിക്കും, രോഹിത്തിനൊപ്പം ഓപ്പൺ ചെയ്യാൻ സഞ്ജു: കിവീസിനെതിരെ പുതിയ ‘ടെസ്റ്റ്’ എന്ന് സൂചന നൽകി ഗംഭീർ


ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീം അടുത്ത മാസം നടത്തുന്ന ന്യൂസീലൻഡ് പര്യടനത്തിൽ ടെസ്റ്റ് മത്സരങ്ങൾക്കായി തയാറെടുക്കാൻ കൂടുതൽ സമയം ലഭിക്കുന്നതിന് ഏകദിന ടീമിൽനിന്നു ചില താരങ്ങൾക്ക് ഇടവേള നൽകിയേക്കുമെന്ന് സൂചന നൽകി മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. ചുരുങ്ങിയ സമയത്തിനുള്ളിൽ 50 ഓവർ ക്രിക്കറ്റിൽ നിന്ന് അഞ്ച് ദിവസത്തെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് കളിശൈലി മാറ്റുന്നത് വലിയ വെല്ലുവിളിയാണെന്ന് ഗംഭീർ ചൂണ്ടിക്കാട്ടി. ന്യൂസീലൻഡ് പര്യടനമെന്ന് എടുത്ത് പറഞ്ഞില്ലെങ്കിലും, നീണ്ട പര്യടനത്തിന്റെ ഷെഡ്യൂൾ പ്രകാരം അഞ്ചാമത്തെയും അവസാനത്തെയും ഏകദിനം കഴിഞ്ഞ് വെറും മൂന്ന് ദിവസങ്ങൾക്ക് ശേഷം, നവംബർ 19ന് വെല്ലിങ്ടനിലാണ് ഒന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. ഏകദിന, ട്വന്റി20, ടെസ്റ്റ് ഫോർമാറ്റുകളിലായ ആകെ 12 മത്സരങ്ങളാണ് പര്യടനത്തിലുള്ളത്.പരിശീലകർക്കും സിലക്ടർമാർക്കും എല്ലാ ഫോർമാറ്റിലും തിളങ്ങുന്ന കളിക്കാരെ വേണമെന്ന് ആഗ്രഹമുണ്ടെങ്കിലും, ഭാവിയിൽ മൂന്നു ഫോർമാറ്റിലും ഒരേപോലെ കളിക്കുന്ന താരങ്ങൾ വളരെ കുറവായിരിക്കുമെന്നും ഗംഭീർ അഭിപ്രായപ്പെട്ടു. ‘‘ഏതൊരു പരിശീലകനെ സംബന്ധിച്ചും പരമാവധി കളിക്കാർ മൂന്നു ഫോർമാറ്റിലും കളിക്കുന്നത് വളരെ പ്രധാനമാണ്, കാരണം രാജ്യാന്തര ക്രിക്കറ്റിൽ തുടർച്ച നിലനിർത്തേണ്ടത് അനിവാര്യമാണ്. എന്നാൽ വരും കാലങ്ങളിൽ മൂന്നു ഫോർമാറ്റിലും കളിക്കുന്ന താരങ്ങൾ കുറവായിരിക്കും. സ്പിന്നർമാരായാലും ഫാസ്റ്റ് ബോളർമാരായാലും കളിക്കാരെ മാറിമാറി ഉപയോഗിക്കേണ്ടി വരും.’’– ഗംഭീർ വിശദീകരിച്ചു.∙ ശ്രേയസ്സ് നയിക്കും; സഞ്ജു വരുമോ? ഒക്ടോബർ 22 മുതലാണ് ഇന്ത്യയുടെ ന്യൂസീലൻഡ് പര്യടനം. അഞ്ച് ട്വന്റി20 മത്സരങ്ങൾ, അഞ്ച് ഏകദിനങ്ങൾ, രണ്ടു ടെസ്റ്റുകൾ എന്നിവയാണ് പര്യടനത്തിലുള്ളത്. നവംബർ 15ന് അഞ്ചാം ഏകദിനത്തിനു ശേഷം 19നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ഇരു ടീമുകളിലും കളിക്കുന്ന താരങ്ങൾക്ക് മൂന്നു ദിവസത്തെ ഇടവേള മാത്രമാണ് ലഭിക്കുക. ഇതുകൊണ്ടാണ് മൂന്നാം ഏകദിനത്തിനു ശേഷം ടെസ്റ്റ് ടീമിലുള്ള താരങ്ങൾക്ക് വിശ്രമം അനുവദിക്കാൻ ആലോചിക്കുന്നത്.


Auto ⏭️

Back to top button