NEWS
പുട്ടിനെതിരെ ഗുരുതര ആരോപണവുമായി യുക്രെയ്ൻ പ്രസിഡന്റ്; ഇന്ത്യയ്ക്കും മുന്നറിയിപ്പ്

ന്യൂയോർക്ക് ∙ യുക്രെയ്നിനെതിരെയുള്ള യുദ്ധത്തിൽ റഷ്യ 47 രാജ്യങ്ങളിലെ പൗരന്മാരെ ഉപയോഗിച്ചെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സെലെൻസ്കി. ഇന്ത്യ, ഘാന, നേപ്പാൾ, തജിക്കിസ്ഥാൻ, യെമൻ, കെനിയ, സിംബാബ്വെ, ക്യൂബ, ബെലാറൂസ്, സുഡാൻ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരെ യുക്രെയ്നിനെതിരെയുള്ള യുദ്ധത്തിൽ റഷ്യ ഉപയോഗിക്കുകയാണെന്ന് സെലെൻസ്കി ആരോപിച്ചു. ‘നിങ്ങളെ ഈ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ അനുവദിക്കരുത്’ – എന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളോട് സെലെൻസ്കി അഭ്യർഥിച്ചു. ‘ഇപ്പോൾ എനിക്ക് സംസാരിക്കാനുള്ളത് യൂറോപ്പിനോടല്ല. റഷ്യ തികച്ചും ക്രൂരമായ മറ്റൊരു പ്രചാരണത്തിൽ ഉപയോഗിക്കാൻ ശ്രമിച്ചേക്കാവുന്ന ജനങ്ങളുള്ള രാജ്യങ്ങളോടാണ് ഞാൻ സംസാരിക്കാൻ ആഗ്രഹിക്കുന്നത്. ഉത്തര കൊറിയയിൽ നിന്ന് മാത്രമല്ല, ഒട്ടേറെ രാജ്യങ്ങളിൽനിന്നുള്ള യുദ്ധത്തടവുകാർ യുക്രെയ്നിലുണ്ട്. യുദ്ധത്തിൽ റഷ്യ 47 രാജ്യങ്ങളിലെ പൗരന്മാരെ ഉപയോഗിക്കുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം. ഈ യുദ്ധത്തിൽ ഉത്തരകൊറിയ, ചൈന, ഘാന, നേപ്പാൾ, തജിക്കിസ്ഥാൻ, ഇന്ത്യ, യെമൻ, കെനിയ, സിംബാബ്വേ, ക്യൂബ, ബെലാറൂസ്, സുഡാൻ, ദക്ഷിണാഫ്രിക്ക തുടങ്ങി നിരവധി രാജ്യങ്ങളിലെ പൗരന്മാരുണ്ട്. യുദ്ധത്തിനിടെ പിടിയിലാകുന്ന ഇവരിൽ ചിലരെ അവരുടെ വീടുകളിലേക്ക് തിരിച്ചയക്കാനുള്ള അഭ്യർഥനകൾ ഞങ്ങൾക്ക് ലഭിക്കാറുണ്ട്. റഷ്യക്കാരല്ലാത്തവർ യുദ്ധത്തിനിടെ മരിക്കുന്നതായി അറിയാം. വഞ്ചനയിലൂടെയും തട്ടിപ്പിലൂടെയും റഷ്യയിലെത്തിയ നിങ്ങളുടെ രാജ്യങ്ങളിലെ, അതായത് 47 രാജ്യങ്ങളിൽ നിന്നുള്ളവരാണവർ.’ – സെലെൻസ്കി പറഞ്ഞു.
Fashion ⏭️




