SPORTS
ഒരോവറിൽ 2 വിക്കറ്റ്, ബാറ്റിങ്ങിലെ ക്ഷീണം ബോളിങ്ങിൽ തീർത്ത് വൈഭവ്; ചർച്ചയായി ജഴ്സിയിലെ ‘ടേപ്പ്’ – വിഡിയോ

ബെംഗളൂരു∙ ദുലീപ് ട്രോഫി അരങ്ങേറ്റ മത്സരത്തിൽ ബാറ്റുകൊണ്ട് നിരാശപ്പെടത്തിയെങ്കിലും ബോളിങ്ങിലും ഫീൽഡിങ്ങിലും തിളങ്ങി കൗമാരതാരം വൈഭവ് സൂര്യവംശി. നോർത്ത് ഈസ്റ്റ് സോണിനെതിരെയുള്ള ക്വർട്ടർ ഫൈനൽ മത്സരത്തിൽ ഈസ്റ്റ് സോണിനു വേണ്ടി കളിക്കാനിറങ്ങിയ വൈഭവ്, ആദ്യ ഇന്നിങ്സിൽ എട്ടു റൺസെടുത്ത് പുറത്തായിരുന്നു. ഈസ്റ്റ് സോൺ രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാതിരുന്നതോടെ ബാറ്റിങ്ങിന് അവസരം നഷ്ടപ്പെട്ട വൈഭവ്, പക്ഷേ ബോൾ ചെയ്യാനിറങ്ങി. മാത്രമല്ല, രണ്ടു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. മൂന്ന് ഓവർ പന്തെറിഞ്ഞ ഇടംകൈയ്യൻ സ്പിന്നറായ വൈഭവ് , ഒരോവറിൽ തന്നെയാണ് രണ്ടു വിക്കറ്റും വീഴ്ത്തിയത്. അതേസമയം, മത്സരത്തിൽ വൈഭവ് സൂര്യവംശിയുടെ ജഴ്സി നമ്പർ ‘3’ എന്ന് മാത്രം കാണാൻ കഴിയുന്ന രീതിയിൽ ടേപ്പ് ഒട്ടിച്ചിരുന്നത് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. ടേപ്പ് ഒട്ടിച്ചതിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, തന്റെ നമ്പർ ‘3’ ആയി നിലനിർത്താനാകാം ഇതെന്നാണ് കരുതുന്നത്. ഐപിഎലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി വൈഭവ് ധരിക്കുന്ന നമ്പറാണ് ‘3’. അച്ചടിയിലുണ്ടായ എന്തെങ്കിലും പിഴവ് മറയ്ക്കാൻ വേണ്ടിയാകാം ദുലീപ് ട്രോഫി ജഴ്സിയിൽ ടേപ്പ് ഒട്ടിച്ചതെന്നാണ് കരുതുന്നത്.
Auto ⏭️


