SPORTS
കംഗാരുക്കളെ മെരുക്കി കടുവകൾ! ഓസീസ് മണ്ണിൽ ബംഗ്ലദേശ് താരത്തിന്റെ ആദ്യ ടെസ്റ്റ് സെഞ്ചറി; ഒന്നാം ഇന്നിങ്സിൽ വമ്പൻ ലീഡിലേക്ക്

ഡാർവിൻ( ഓസ്ട്രേലിയ) ∙ 2026 ഓഗസ്റ്റ് 14, ബംഗ്ലദേശ് ക്രിക്കറ്റ് ചരിത്രത്തിലെ സുവർണ്ണ അധ്യായം എഴുതപ്പെട്ട ദിവസമായി ഏക്കാലവും നിലനിൽക്കും. ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് സെഞ്ചറി നേടുന്ന ആദ്യ താരമായി ബംഗ്ലദേശ് ബാറ്റർ തൻസിദ് ഹസൻ തമീം മാറിയ ദിനം. ഡാർവിനിലെ മാറ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിലെ രണ്ടാം ദിനത്തിലാണ് തൻസിദിന്റെ നേട്ടം. 1ന് 96 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ബംഗ്ലദേശിനു വേണ്ടി തൻസിദ് ഹസനും മൊമിനുൽ ഹഖും രണ്ടാം വിക്കറ്റിൽ 103 റൺസ് കൂട്ടിച്ചേർത്തു. മൊമിനുലിനെ പുറത്താക്കി ജോഷ് ഹെയ്സൽവുഡാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോയുമായി ചേർന്ന് 93 റൺസിന്റെയും കൂട്ടുകെട്ട് തൻസിദ് തീർത്തതോടെ ബംഗ്ലദേശ് അനായാസം ലീഡ് പിടിച്ചു. സെഞ്ചറിക്കു തൊട്ടുപിന്നാലെ തൻസിദിനെ നേതൻ ലയൺ പുറത്താക്കിയെങ്കിലും നാലാം വിക്കറ്റിൽ ഷാന്റോയും – മുസ്തഫിസുർ റഹിമും (55 പന്തിൽ 36) തമ്മിലുള്ള അർധസെഞ്ചറി കൂട്ടുകെട്ട് ബംഗ്ലദേശ് സ്കോർ 300ന് അടുത്തെത്തിച്ചു. പിന്നീടെത്തിയ ലിറ്റൻ ദാസ് ‘സംപൂജ്യനായി’ പുറത്തായി. രണ്ടാം ദിനം കളി നിർത്തുമ്പോൾ മെഹ്ദി ഹസൻ മിറാസ് (73 പന്തിൽ 32*), ഹസൻ മഹ്മൂദ് (76 പന്തിൽ 13*) എന്നിവരാണ് ക്രീസിൽ.
Auto ⏭️


