NEWS

മന്ത്രിയുമായുള്ള ചർച്ചയിൽ സമവായം, 45 ദിവസത്തെ സമയം ചോദിച്ച് സർക്കാർ: യു.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് സമരം അവസാനിപ്പിച്ചു

യു.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീനുമായി നടത്തിയ ചർച്ച

തിരുവനന്തപുരം: യു.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തി വന്ന സമരം താൽക്കാലികമായി അവസാനിപ്പിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് 17 ദിവസമായി തുടർന്ന സമരം അവസാനിപ്പിച്ചത്.

ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ പി.എസ്.സി നിരന്തരം നോട്ടിഫിക്കേഷൻ വിളിക്കുന്നത് നിർത്തിവെയ്ക്കണമെന്ന റാങ്ക് ഹോൾഡേഴ്സിന്റെ ആവശ്യവും, റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയുന്ന വേളയിൽ കൂടുതൽ പേർക്ക് നിയമനം ലഭിക്കുന്നതിന് റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്ന കാര്യവും അനുഭാവ പൂർവ്വം പരിഗണിക്കുമെന്ന് മന്ത്രി സമരക്കാർക്ക് ഉറപ്പ് നൽകി. എച്ച്ടിവി തസ്തികയിൽ പി.എസ്.സിക്കാരെ നിയമിക്കണമെന്നാവശ്യം പരിശോധിക്കാനും തസ്തിക നഷ്ടപ്പെടുന്ന സർക്കാർ സ്കൂളുകളിൽ അധ്യാപക വിദ്യാർത്ഥി അനുപാതത്തെ സംബന്ധിച്ചുള്ള ആവശ്യങ്ങളിൽ കൂടുതൽ പഠനം നടത്താനും 45 ദിവസത്തെ സമയം ആവശ്യമുണ്ടെന്നും സർക്കാർ സമരക്കാരെ അറിയിച്ചു.

മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലും, ഫിഷറീസ് സ്കൂളുകളിലും, യു പി തലത്തിൽ അദ്ധ്യാപകർ ഇല്ലെന്ന് റാങ്ക് ലിസ്റ്റ് അസോസിയേഷൻ പ്രതിനിധികൾ മന്ത്രിയെ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ഈ സ്ഥലങ്ങളിൽ അതത് ജില്ലകളിലെ നിലവിലെ യു പി സ്കൂൾ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നതിന് വേണ്ടിയുള്ള സാഹചര്യം പരിശോധിച്ച് നടപടി സ്വീകരിക്കാൻ പൊതുവിദ്യാസ ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി.

ഈ കാലയളവിൽ സമരക്കാർ ഉന്നയിക്കുന്ന ആവശ്യങ്ങൾ പരിശോധിച്ച് അനുകൂലമായവ ഉടൻ തന്നെ നടപ്പിലാക്കാമെന്ന മന്ത്രിയുടെ നിർദ്ദേശം സമരക്കാർ അംഗീകരിക്കുകയായിരുന്നു. ഡി.ജി.ഇ സ്നേഹിൽ കുമാർ, പ്രൈവറ്റ് സെക്രട്ടറി നിസാർ എച്ച്. ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തിരുന്നു.
RELATED TOPICS: UPST RANK HOLDERS, UPST STRIKE, UPST RANK LIST, TEACHER RECRUITMENT KERALA, UPST RANK HOLDERS PROTEST

Read News ⏭️

Back to top button