NEWS
‘അങ്കിൾ വയസാകുന്നതുവരെ ജയിലിൽ കിടക്കും, അവിടെ കിടന്ന് മരിക്കും’: 10 വയസ്സുകാരിയ്ക്ക് ‘ധീരതയുടെ സന്ദേശം’

ന്യൂഡൽഹി∙ ‘‘അങ്കിൾ എന്ന് ഞാൻ വിളിച്ചിരുന്നയാളെ വയസ്സാകുന്നത് വരെ ജയിലിലിടണം’’– ബലാത്സംഗക്കേസ് പരിഗണിക്കുന്ന കോടതിയോട് പത്തുവയസ്സുകാരി പറഞ്ഞതാണീ വാക്കുകൾ. പെൺകുട്ടിയുടെ ആവശ്യത്തിന് പിന്നാലെ രോഹിണിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി-01 (പോക്സോ) രജനി രംഗ വിധിന്യായത്തിനൊപ്പം കുട്ടിയ്ക്കൊരു സന്ദേശം എഴുതി. ‘‘നിന്റെ അപേക്ഷ കേട്ടു, നീ അങ്കിൾ എന്ന് വിളിച്ച ആ മനുഷ്യൻ ഇനി ഒരിക്കലും സ്വതന്ത്രനായി പുറത്തിറങ്ങില്ലെന്നായിരുന്നു’’ കോടതിയുടെ മറുപടി. ഇപ്പോഴിതാ വിചാരണക്കോടതി എഴുതിയ ആ കത്ത് പെൺകുട്ടിയ്ക്ക് കൈമാറണമെന്ന് ഉത്തരവിട്ടിരിക്കുകയാണ് ഡൽഹി ഹൈക്കോടതി. കത്ത് പെൺകുട്ടിക്കോ അവളുടെ കുടുംബത്തിനോ രണ്ടാഴ്ചയ്ക്കകം കൈമാറണമെന്നാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് പ്രതിഭ എം. സിങ്, ജസ്റ്റിസ് ദിനേശ് ഭട്ട് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. കത്തിനൊപ്പം കുട്ടിയ്ക്കുള്ള നഷ്ടപരിഹാരത്തുക നൽകണമെന്നും കോടതി ഉത്തരവിട്ടു. സെപ്റ്റംബർ 22-നാണ് വിചാരണക്കോടതി പെണ്‍കുട്ടിയുടെ കേസ് പരിഗണിച്ചത്. കേസിൽ പ്രതിയ്ക്ക് മരണം വരെ കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. ഭീഷണിപ്പെടുത്തലിന് അഞ്ചു വർഷം കഠിന തടവും 20,000 രൂപ പിഴയും വിധിച്ചു. രണ്ട് ശിക്ഷകളും ഒരേ സമയം അനുഭവിക്കണം.ഈ കോടതി കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ധീരയായ പെൺകുട്ടിയാണ് നീ. നീ കോടതിയിൽ വന്ന് നിന്നെ ഉപദ്രവിച്ച മനുഷ്യനെ ചൂണ്ടിക്കാട്ടുകയും സത്യം പറയുകയും ചെയ്തു. നീ അങ്കിൾ എന്ന് വിളിച്ചയാൾ നിന്നോട് വളരെ മോശമായ കാര്യമാണ് ചെയ്തത്. പക്ഷേ, നീ നിശബ്ദയായിരുന്നില്ല. നിന്റെ അമ്മയോട് പറഞ്ഞു. നിനക്ക് തുറന്ന് സംസാരിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നത് കൊണ്ട് അവന് ഇനി മറ്റൊരു കുട്ടിയേയും ഉപദ്രവിക്കാൻ കഴിയില്ല.
Fashion ⏭️




