NEWS

പ്രജനി രാജന്റെ സംഘടനാ മാറ്റം കസേര കാക്കാനെന്ന് ആക്ഷേപം

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് അന്വേഷണം നേരിടുന്ന ജി.എസ്.ടി ജോയിന്റ് കമ്മിഷണർ പ്രജനി രാജൻ സർവീസ് സംഘടന മാറിയത് പദവി നിലനിറുത്താനെന്ന് ആക്ഷേപം. നികുതി വെട്ടിപ്പ് കേസുകളിൽ അന്തിമ നടപടിയെടുക്കേണ്ട ഉയർന്ന പദവിയിൽ രണ്ടാം പിണറായി സർക്കാരിന്റെ കാലത്താണ് ഇവർ എത്തിയത്. ഈ ഘട്ടത്തിൽ സി.പി.എം അനുകൂല സംഘടനയായ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ (കെ.ജി.ഒ.എ) സജീവ പ്രവർത്തകയായിരുന്നു പ്രജനി.

പിന്നീട് അപ്രതീക്ഷിതമായി സംഘടനയിൽ നിന്ന് ഒഴിഞ്ഞത് സഹപ്രവർത്തകരെ പോലും അമ്പരപ്പിച്ചു. തുടർന്ന് കോൺഗ്രസ് അനുകൂല സംഘടനയായ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയനിൽ (കെ.ജി.ഒ.യു) ചേർന്നു. ജി.എസ്.ടി വകുപ്പിൽ നടക്കാനിരിക്കുന്ന സ്ഥലംമാറ്റ നടപടികളിൽ നിന്ന് ഒഴിവാകാനും എറണാകുളത്ത് തന്നെ തുടരാനുമുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ഈ മാറ്റമെന്നാണ് കരുതുന്നത്.

പദവിക്കായി ചരടുവലി​ നടത്തുന്നതിനിടെയാണ് അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കുടുങ്ങി​യത്. അന്വേഷണം ഊർജ്ജിതമായ സാഹചര്യത്തിൽ ഇവരെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തേക്കും. സംഘടനയ്‌ക്ക് കളങ്കമുണ്ടാക്കിയ നടപടിയെത്തുടർന്ന് പ്രജനി രാജനെ കെ.ജി.ഒ.യു പ്രാഥമിക അംഗത്വത്തിൽ നിന്ന് ഇന്നലെ സസ്‌പെൻഡ് ചെയ്തു.

13 മണിക്കൂർ പരിശോധന

വിജിലൻസ് സ്‌പെഷ്യൽ സെൽ എസ്.പി എം.ജെ.സോജൻ, ഡിവൈ.എസ്.പി എ.എൽ.യേശുദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് എറണാകുളം പച്ചാളത്തെ ‘പ്രജനി​ വിലാസ്” എന്ന വീട്ടിലും തേവരയിലെ ഓഫീസിലും ഒരേ സമയം മിന്നൽ പരിശോധന നടത്തിയത്. രാവിലെ 7.45ഓടെ തുടങ്ങിയ റെയ്ഡ് രാത്രി ഒമ്പതുവരെ നീണ്ടു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ എടുക്കുന്ന കേസുകളിൽ അന്തിമ നടപടിക്ക് അനുമതി​ നൽകേണ്ട ഉയർന്ന പദവിയിലിരുന്നായിരുന്നു പ്രജനിയുടെ അഴിമതി.

Read News ⏭️

Back to top button