NEWS

ഹാലോവീൻ പാർട്ടിയിലെ ലൈംഗികാതിക്രമം: പങ്കെടുത്ത എല്ലാവരെയും ചോദ്യം ചെയ്യും

ആലുവ വെളിയത്തുനാട്ടെ റിസോർട്ടിൽ വെച്ച് നടന്ന ഹാലോവീൻ പാർട്ടിയിൽ പങ്കെടുത്ത മുഴുവൻ ആളുകളെയും വിളിപ്പിച്ചു ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ഈ പാർട്ടിയിൽ വെച്ച് ലൈംഗിക അതിക്രമം നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. മദ്യപാനത്തിൽ പ്രായപൂർത്തിയാകാത്തവർ പങ്കാളികളായോ എന്ന് എക്സൈസ് വിഭാഗവും പരിശോധിക്കുന്നുണ്ട്. പാർട്ടിയിൽ ലഹരിമരുന്നുകൾ ഉപയോഗിച്ചോ എന്ന കാര്യത്തിലും പോലീസ് വിശദമായ അന്വേഷണം നടത്തുന്നു.

ലൈംഗിക അതിക്രമ കേസിൽ ഇതിനോടകം അറസ്റ്റിലായ കോട്ടയം സ്വദേശി അലക്സിന്റെ സുഹൃത്തായ യുവതിയോടും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കുടുംബം നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്യുകയും അലക്സിനെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. പാർട്ടിയുടെ സംഘാടകരിൽ ഒരാളായ അലക്സിനെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഏകദേശം മുപ്പതോളം പേർ പരിപാടിയിൽ പങ്കെടുത്തതായാണ് പ്രാഥമിക വിവരം.

റിസോർട്ടിലെ ജീവനക്കാരിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിഞ്ഞ പോലീസ്, സംഭവദിവസത്തെ സിസിടിവി ദൃശ്യങ്ങളും രജിസ്റ്ററും ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടിയിൽ പങ്കെടുത്തവരിൽ മൂന്നുപേരെങ്കിലും പ്രായപൂർത്തിയാകാത്തവരാണെന്നാണ് പോലീസിന്റെ നിഗമനം. പാർട്ടി സംഘടിപ്പിക്കുന്നതിൽ അലക്സിനൊപ്പം മുൻപന്തിയിൽ നിന്ന ഇരുപത്തിനാലുകാരിയായ യുവതിക്ക് ഇതിനോടകം പോലീസ് നോട്ടീസ് നൽകിക്കഴിഞ്ഞു.

Fashion ⏭️

Back to top button