കുൽഗാം ആക്രമണം: 15 സെക്കൻഡിൽ 30 തവണ വെടിയുതിർത്തു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാംപിനു നേരെ നടന്ന ഭീകരാക്രമണത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മിർ ബസാറിനു സമീപമുള്ള അഖ്റാനിലെ സൈനിക ക്യാംപിനു നേരെ ഭീകരർ നടത്തിയ വെടിവയ്പിന്റെ ദൃശ്യങ്ങളും ശബ്ദവുമാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. ആക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് പരുക്കേറ്റിരുന്നു.
വെറും 15 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളിൽ മുപ്പതിലേറെ തവണ വെടിയൊച്ച കേൾക്കാൻ സാധിക്കും. തുടക്കത്തിൽ ഒരു സൈനികൻ മാത്രമാണ് ദൃശ്യത്തിലുള്ളത്. കടകൾക്ക് മുന്നിൽ ഇരിക്കുന്ന സൈനികന് നേരെ വലതുഭാഗത്ത് നിന്നാണ് ആക്രമണം ഉണ്ടായതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. വെടിവയ്പ് ആരംഭിച്ചതോടെ വലതുവശത്ത് നിന്ന് മറ്റൊരു സൈനികൻ ഓടിയെത്തുന്നതും കാണാം. തുടർന്ന് മെഷീൻ ഗണ്ണുകൾ കൈയിലേന്തി ആക്രമണം നടന്ന സ്ഥലത്തേക്ക് സൈനികർ ജാഗ്രതയോടെ ഓടുന്ന ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്.
സംഭവം നടക്കുന്ന സമയത്ത് ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ കുൽഗാമിൽ ഉണ്ടായിരുന്നെങ്കിലും, ആക്രമണം നടന്ന സ്ഥലത്തുനിന്ന് ഏറെ അകലെയുള്ള സുരക്ഷിത മേഖലയിലായിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്.




