യുകെയിൽ ഭക്ഷ്യക്ഷാമ ഭീതി: സൂപ്പർമാർക്കറ്റുകളിൽ തിരക്ക്, കുതിച്ചുയരുന്ന വിലനിലവാരം

ലണ്ടൻ∙ പ്രതികൂലമായ കാലാവസ്ഥാ വ്യതിയാനങ്ങളെയും സൈബർ ഭീഷണികളെയും ഒപ്പം യുദ്ധസമാനമായ പ്രതിസന്ധികളെയും നേരിടാൻ ജനങ്ങൾ സജ്ജരായിരിക്കണമെന്ന പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ് ബ്രിട്ടിഷ് ജനത അതീവ ഗൗരവത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. തങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്കുള്ള സാധനങ്ങൾക്ക് പുറമെ അടിയന്തര ഘട്ടങ്ങളിൽ കരുതിവെക്കേണ്ടവ കൂടി വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് ഇപ്പോൾ ബ്രിട്ടനിലെ ജനങ്ങൾ. കുപ്പിവെള്ളം, ടിന്നിലടച്ച ഭക്ഷണം, ഉണങ്ങിയ പഴങ്ങൾ തുടങ്ങിയവയുടെ ശേഖരണത്തിൽ വലിയ വർധനവാണ് കാണുന്നത്.
കൂടാതെ ടോർച്ചുകൾ, ബാറ്ററികൾ, പവർ ബാങ്കുകൾ, മെഴുകുതിരികൾ, വെറ്റ് വൈപ്പുകൾ തുടങ്ങിയ അവശ്യവസ്തുക്കൾക്കും വിപണിയിൽ വൻ ഡിമാൻഡാണുള്ളത്. കോവിഡ് കാലത്തെ ലോക്ക് ഡൗണിന് മുൻപുണ്ടായതുപോലെയുള്ള തിരക്ക് സൂപ്പർ മാർക്കറ്റുകളിൽ അനുഭവപ്പെടുന്നില്ലെങ്കിലും, എത്തുന്നവരെല്ലാം ഭാവിയിലെ സുരക്ഷ മുന്നിൽക്കണ്ട് സാധനങ്ങൾ കരുതാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളിലും ഈ പ്രവണത വ്യക്തമായി പ്രകടമാണ്.
സർക്കാർ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘ബി-റെഡി’ (Be-Ready) ബോധവൽക്കരണ കാമ്പെയ്ൻ പ്രഖ്യാപിച്ച് പത്തു ദിവസങ്ങൾക്കുള്ളിൽ തന്നെ കുപ്പിവെള്ളത്തിന്റെ വിൽപനയിൽ 67 ശതമാനവും, ടിന്നിലടച്ച ഭക്ഷണസാധനങ്ങളുടെ വിൽപനയിൽ 37 ശതമാനവും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ഹാൻഡ് സാനിറ്റൈസറുകളുടെ ഉപയോഗത്തിലും 83 ശതമാനത്തിന്റെ വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. കണക്കുകൾ പരിശോധിച്ചാൽ, ഒക്ടോബർ 23-ന് ശേഷം ദിനംപ്രതി നാല് ലക്ഷത്തോളം പേരാണ് പുതുതായി ടിന്നിലടച്ച ഭക്ഷണങ്ങൾ വാങ്ങാൻ താൽപ്പര്യം കാണിക്കുന്നത്.




