റഗുലേറ്റർ കം ബ്രിജ് നിർമാണം അന്തിമഘട്ടത്തിൽ; തീരത്തെ വീടുകളും റോഡും ഇടിഞ്ഞുതാഴുമെന്ന് ആശങ്ക

തിരുവേഗപ്പുറ: മൂതിക്കയം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായി തൂതപ്പുഴയുടെ ആഴം വർധിപ്പിക്കാനുള്ള അധികൃതരുടെ തീരുമാനത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി നാട്ടുകാർ. തിരുവേഗപ്പുറ, ഇരിമ്പിളിയം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നെടുങ്ങോട്ടൂർ മൂതിക്കയം കടവിൽ പണി പൂർത്തിയായി വരുന്ന റഗുലേറ്റർ കം ബ്രിജിനോട് ചേർന്നുള്ള ഭാഗത്ത് പുഴ ആഴം കൂട്ടാനുള്ള നീക്കമാണ് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നത്.
റഗുലേറ്ററിന് താഴെയായി പുഴയുടെ ആഴം കൂട്ടിയാൽ, പുഴ കരകവിഞ്ഞൊഴുകുന്ന സമയത്ത് വെങ്ങാട് കുന്നിൻചെരിവിലെ വീടുകളും റോഡും സമീപത്തെ കനാലും ഇടിഞ്ഞുതാഴാൻ സാധ്യതയുണ്ടെന്നാണ് പ്രദേശവാസികളുടെ പ്രധാന ഭയം. അരനൂറ്റാണ്ട് മുൻപ് ആരംഭിച്ച കനാൽ പദ്ധതിയുടെ പണികൾ 2012-ലാണ് വീണ്ടും സജീവമായത്. ഇതിനാവശ്യമായ ജലലഭ്യത ഉറപ്പുവരുത്താൻ 2020-ൽ പണി തുടങ്ങിയ മൂതിക്കയം റഗുലേറ്റർ കം ബ്രിജിന്റെ സംഭരണി, കനാൽ പമ്പ് ഹൗസിൽ നിന്ന് ഏകദേശം 120 മീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് പമ്പ് ഹൗസിലേക്ക് ആവശ്യമായ പൈപ്പ്ലൈനുകൾ സ്ഥാപിക്കുകയാണ് വേണ്ടതെന്ന് നാട്ടുകാർ പറയുന്നു.
എന്നാൽ, പാലം നിർമാണ വേളയിൽ മണ്ണും മണലും പുഴയിലേക്ക് തള്ളിയെന്ന തെറ്റായ പ്രചാരണങ്ങൾ നടത്തി, പാലത്തിന് താഴെ പുഴയുടെ ആഴം കൃത്രിമമായി വർധിപ്പിക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.




