പന്തുചുരണ്ടൽ വിവാദത്തിനിടെ പാറ്റ് കമിൻസും ഭാര്യയും തമ്മിൽ പരസ്യവാഗ്വാദം: വിഡിയോ പുറത്ത്

സിഡ്നി∙ 2018-ലെ പന്ത് ചുരണ്ടൽ വിവാദത്തെക്കുറിച്ചുള്ള ഉസ്മാൻ ഖവാജയുടെ വെളിപ്പെടുത്തലുകൾ വലിയ ചർച്ചയായതോടെ, വീണ്ടും മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ തയ്യാറെടുക്കുകയാണ് ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ്. ഈ വിഷയത്തിൽ ഇതിനകം തന്നെ പലതവണ മറുപടി നൽകിക്കഴിഞ്ഞതാണെന്നും, പഴയ വിവാദങ്ങൾ ചികഞ്ഞു നടക്കാതെ മുന്നോട്ടുപോകാനാണ് താല്പര്യമെന്നും കമ്മിൻസ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഖവാജയുടെ പുത്തൻ പരാമർശങ്ങൾ വീണ്ടും ചർച്ചയായ സാഹചര്യത്തിൽ ഇതിന് മറുപടി നൽകാൻ അദ്ദേഹം നിർബന്ധിതനാവുകയാണ്.
ഓസ്ട്രേലിയൻ ടീമിലെ മുഴുവൻ താരങ്ങൾക്കും അന്ന് നടന്ന പന്ത് ചുരണ്ടൽ സംഭവത്തെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നുവെന്ന ഖവാജയുടെ ആത്മകഥയിലെ വരികളാണ് പുതിയ വിവാദങ്ങൾക്ക് തിരിതെളിച്ചത്. കേപ്ടൗൺ ടെസ്റ്റിനെ തുടർന്ന് ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, കാമറോൺ ബാൻക്രോഫ്റ്റ് എന്നിവർക്ക് വിലക്ക് നേരിടേണ്ടി വന്നെങ്കിലും, അന്ന് ടീമിലുണ്ടായിരുന്ന എല്ലാവർക്കും കൃത്രിമത്തെക്കുറിച്ച് പൂർണ്ണമായ ധാരണയുണ്ടായിരുന്നുവെന്നാണ് 39-കാരനായ ഖവാജയുടെ വാദം. വിവാദം കൊഴുത്തതോടെ തന്റെ പ്രസ്താവനയിൽ വിശദീകരണവുമായി ഖവാജ തന്നെ രംഗത്തെത്തി. താൻ ആരെയും അനാവശ്യമായി കുറ്റപ്പെടുത്താനോ ബലിയാടാക്കാനോ ശ്രമിച്ചിട്ടില്ലെന്നും, അന്ന് ടീമിലുണ്ടായിരുന്ന എല്ലാവർക്കും വിവരങ്ങൾ അറിയാമായിരുന്നുവെന്നും, എന്നാൽ മൂന്നുപേർക്ക് മാത്രമാണ് ശിക്ഷ ലഭിച്ചതെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി.
2018-ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ്ടൗൺ ടെസ്റ്റ് മത്സരത്തിനിടെയാണ് ഓസീസ് താരം കാമറോൺ ബാൻക്രോഫ്റ്റ് പോക്കറ്റിൽ ഒളിപ്പിച്ച സാൻഡ് പേപ്പർ ഉപയോഗിച്ച് പന്തിൽ കൃത്രിമം കാണിച്ചത്. പന്തിന്റെ പ്രതലത്തിൽ മാറ്റം വരുത്തി ബോളിങ് ടീമിന് കൂടുതൽ സ്വിങ് ലഭിക്കാൻ വേണ്ടിയാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്. ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞതോടെ വലിയ പ്രതിഷേധമാണ് ഉയർന്നത്. തുടർന്നുണ്ടായ അന്വേഷണത്തിൽ അന്നത്തെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ, കാമറോൺ ബാൻക്രോഫ്റ്റ് എന്നിവരെ ഒരു വർഷക്കാലത്തേക്ക് വിലക്കിയിരുന്നു.




