ബോയിങ് വിമാനത്തിന്റെ വായുസമ്മർദ്ദത്തിൽപ്പെട്ട് ചെറുവിമാനം തകർന്നു വീണു

ലൊസാഞ്ചലസ്: ആകാശയാത്രകൾക്കപ്പുറം വിമാനത്താവളത്തിനുള്ളിലും ഭയാനകമായ അപകടങ്ങൾ പതിയിരിക്കുന്നുണ്ടെന്ന മുന്നറിയിപ്പാണ് കലിഫോർണിയയിൽ നിന്നു പുറത്തുവരുന്ന വാർത്ത നൽകുന്നത്. വലിയൊരു യാത്രാ വിമാനത്തിന്റെ എൻജിനിൽ നിന്നുണ്ടായ അതിശക്തമായ വായുപ്രവാഹത്തിൽ (ജെറ്റ് ബ്ലാസ്റ്റ്)പ്പെട്ട് പരിശീലനപ്പറക്കലിനിടെയുണ്ടായ ചെറിയൊരു വിമാനം റൺവേയിൽ തലകീഴായി മറിഞ്ഞു. കൺമുന്നിൽ നടന്ന അപകടത്തിൽ നിന്ന് അത്ഭുതകരമായാണ് പൈലറ്റ് രക്ഷപ്പെട്ടത്. വലിയ വിമാനങ്ങൾ ടേക്ക് ഓഫിന് ഒരുങ്ങുമ്പോൾ അവയുടെ പിന്നിൽ രൂപപ്പെടുന്ന കാറ്റിന്റെ തീവ്രത എത്രത്തോളമുണ്ടെന്ന് ഈ സംഭവം ഓർമിപ്പിക്കുന്നു.
യാത്രാ വിമാനമായ ബോയിങ് ജെറ്റ് ടേക്ക് ഓഫിനായി എൻജിനുകൾ പൂർണശേഷിയിൽ പ്രവർത്തിപ്പിച്ച് റൺവേയിലൂടെ നീങ്ങാൻ തുടങ്ങിയപ്പോഴായിരുന്നു അപ്രതീക്ഷിത ദുരന്തം. ഇതേസമയം, റൺവേയുടെ തൊട്ടടുത്ത് കൂടി കടന്നുപോകുകയായിരുന്നു ഏകദേശം 1,400 പൗണ്ട് ഭാരമുള്ള ചെറിയ ‘സെസ്ന’ പരിശീലന വിമാനം. ജെറ്റ് എൻജിനുകളിൽ നിന്ന് പുറത്തേക്ക് കുതിച്ചെത്തിയ ശക്തമായ വായുപ്രവാഹം ഒരു അദൃശ്യ മതിൽ പോലെ സെസ്ന വിമാനത്തിന്റെ പിൻഭാഗത്ത് ആഞ്ഞടിച്ചു. ഈ ഉഗ്രൻ കാറ്റിന്റെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട വിമാനത്തിന്റെ വാൽഭാഗം പെട്ടെന്ന് ഉയരുകയും, മുൻഭാഗം നിലത്തേക്ക് കുത്തനെ മറിയുകയും ചെയ്തു. നിമിഷനേരം കൊണ്ട് തലകീഴായി റൺവേയിൽ പതിച്ച വിമാനത്തിന് കാര്യമായ തകരാറുകൾ സംഭവിച്ചിട്ടുണ്ട്.




