NEWS

പ്രതിമാസം 1000 രൂപ എസ്ഐപി നിക്ഷേപം: 5, 10 വർഷങ്ങൾക്ക് ശേഷം ലഭിക്കുന്ന തുക എത്ര?

ഇന്നത്തെ കാലത്ത് നൂറു രൂപ കയ്യിൽ ലഭിച്ചാൽ പോലും അത് എസ്ഐപിയിൽ നിക്ഷേപിക്കുന്ന പ്രവണത ഏറിവരികയാണ്. കരുതിവെക്കുക എന്നതിനപ്പുറം സമ്പത്ത് വർദ്ധിപ്പിക്കുക (വെൽത്ത് ക്രിയേഷൻ) എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത്. പുതിയൊരു വാഹനം സ്വന്തമാക്കാനോ, വീട് നിർമ്മിക്കാനോ, മക്കളുടെ പഠനത്തിനും വിവാഹത്തിനുമായി ഫണ്ട് കണ്ടെത്താനോ, യാത്രകൾക്കും വിരമിക്കൽ ജീവിതത്തിനുമായുള്ള സാമ്പത്തിക സുരക്ഷിതത്വത്തിനോ ആയി പലരും മ്യൂച്വൽ ഫണ്ടുകളെ ആശ്രയിക്കുന്നു. മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ ഏറ്റവും ജനപ്രിയമായ മാർഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്ഐപി. നിക്ഷേപത്തെ ഗഡുക്കളായി തിരിച്ച് മ്യൂച്വൽ ഫണ്ടിൽ പണം നിക്ഷേപിക്കാൻ ഇത് അവസരമൊരുക്കുന്നു. ഇതിൽ തന്നെ പ്രതിമാസ എസ്ഐപികൾക്കാണ് കൂടുതൽ സ്വീകാര്യത.

മാസം തോറും 1000 രൂപ നിക്ഷേപിച്ചാൽ ഭാവിയിൽ എത്ര തുക ലഭിക്കും എന്നത് പലരും ഉന്നയിക്കുന്നൊരു പ്രധാന സംശയമാണ്. എന്നാൽ അതിനു മുൻപ്, ഓഹരി വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങൾ ആയതുകൊണ്ട് തന്നെ മ്യൂച്വൽ ഫണ്ടുകളിലും വിപണിയുടെ റിസ്ക് ഘടകങ്ങളുണ്ടെന്ന് തിരിച്ചറിയണം. നിക്ഷേപത്തിലേക്ക് കടക്കുന്നതിന് മുൻപായി കൃത്യമായ പഠനം നടത്തുകയോ വിദഗ്ധരുടെ ഉപദേശം തേടുകയോ ചെയ്യുന്നത് ഉചിതമായിരിക്കും. എസ്ഐപി നിക്ഷേപങ്ങളുടെ പ്രധാന ആകർഷണം കോംപൗണ്ടിങ് (കൂട്ടുപലിശ) ആണ്. ഉദാഹരണത്തിന്, നിങ്ങൾ 10,000 രൂപ നിക്ഷേപിച്ചുവെന്ന് കരുതുക. പത്ത് ശതമാനം നേട്ടം ലഭിക്കുകയാണെങ്കിൽ അത് 11,000 രൂപയാകും. അടുത്ത വർഷവും പത്ത് ശതമാനം വളർച്ച ലഭിക്കുമ്പോൾ, അത് 11,000 രൂപയുടെ പത്ത് ശതമാനമായാണ് കണക്കാക്കുക. അതായത്, 1100 രൂപ അധികമായി ലഭിക്കും. അങ്ങനെ മൊത്തം തുക 12,100 രൂപയായി ഉയരുന്നു. ലാഭത്തിന് മുകളിൽ വീണ്ടും ലാഭം ലഭിക്കുന്ന ഈ രീതിയെയാണ് കോംപൗണ്ടിങ് എന്ന് പറയുന്നത്.

ഇനി നേരത്തേ സൂചിപ്പിച്ച ചോദ്യത്തിലേക്ക് മടങ്ങാം. വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് ലാഭത്തിലോ നഷ്ടത്തിലോ ഏറ്റക്കുറച്ചിലുകൾ സംഭവിക്കാം. 12 ശതമാനം ശരാശരി ആദായം ലഭിക്കുമെന്ന് കണക്കാക്കിയാൽ, മാസത്തിൽ 1000 രൂപ നിക്ഷേപിച്ചാൽ ലഭിക്കാവുന്ന നേട്ടങ്ങൾ താഴെ പറയുന്നവയാണ്:

കാലാവധി: 5 വർഷം
∙ ആകെ നിക്ഷേപം: 60,000 രൂപ (1000 രൂപ x 60 മാസം)
∙ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന തുക: 81,670 രൂപ
∙ മൊത്തം നേട്ടം: 21,670 രൂപ

കാലാവധി: 10 വർഷം
∙ ആകെ നിക്ഷേപം: 1,20,000 രൂപ
∙ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന തുക: 2,30,039 രൂപ
∙ മൊത്തം നേട്ടം: 1,10,039 രൂപ

കാലാവധി: 15 വർഷം
∙ ആകെ നിക്ഷേപം: 1,80,000 രൂപ
∙ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന തുക: 4,99,580 രൂപ
∙ മൊത്തം നേട്ടം: 3,19,580 രൂപ

കാലാവധി: 20 വർഷം
∙ ആകെ നിക്ഷേപം: 2,40,000 രൂപ
∙ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന തുക: 9,89,255 രൂപ
∙ മൊത്തം നേട്ടം: 7,49,255 രൂപ

പ്രതിമാസം 1000 രൂപ വീതം നിക്ഷേപിച്ച് 12 ശതമാനം നേട്ടം ലഭിക്കുമ്പോഴുള്ള കണക്കുകളാണ് മുകളിൽ നൽകിയിരിക്കുന്നത്. ഇനി മാസം 5000 രൂപ മാറ്റിവെക്കാൻ സാധിക്കുമെങ്കിൽ, 5 വർഷം കൊണ്ട് നിക്ഷേപിക്കുന്ന 3 ലക്ഷം രൂപ 4.12 ലക്ഷം രൂപയായി വളരും. 10 വർഷത്തെ നിക്ഷേപം 11.61 ലക്ഷം രൂപയായും മാറാം. വിപണിയുടെ സ്വഭാവം അനുസരിച്ച് ലഭിക്കുന്ന റിട്ടേണിൽ മാറ്റങ്ങൾ സംഭവിക്കാമെന്ന കാര്യം ശ്രദ്ധിക്കുക.

Disclaimer: ഈ ലേഖനം ഓഹരി, കടപ്പത്രം, മ്യൂച്വൽ ഫണ്ട്, ക്രിപ്റ്റോകറൻസി, ഐപിഒ, സ്വർണം തുടങ്ങിയവ വാങ്ങാനോ വിൽക്കാനോ ഉള്ള നിർദ്ദേശമോ ഉപദേശമോ അല്ല. ഇത് പൂർണ്ണമായും വിദ്യാഭ്യാസപരമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ അപകടസാധ്യതകൾക്ക് വിധേയമാണ്. നിക്ഷേപങ്ങൾ നടത്തുന്നതിന് മുൻപ് സ്വന്തമായി പഠനം നടത്തുകയോ അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ ഉപദേശം തേടുകയോ ചെയ്യുക.

Disclaimer: This article is not a recommendation or advice to buy or sell stocks, bonds, mutual funds, cryptocurrency, IPOs, gold, or similar investments. It is intended solely for educational purposes. Investments in stocks, bonds, mutual funds, and similar instruments are subject to market risks. Before making any investment, please conduct your own research or seek advice from a qualified professional.

Fashion ⏭️

Back to top button