NEWS

പ്രായപൂർത്തിയാകാത്തവരുടെ ബൈക്ക് യാത്ര: 35,000 രൂപ പിഴയും രക്ഷിതാക്കൾക്കെതിരെ നടപടിയും

കോഴിക്കോട്: ഇരുചക്രവാഹനങ്ങളിലെ നിയമവിരുദ്ധ യാത്രകൾക്കെതിരെ കർശന നടപടികളുമായി അധികൃതർ രംഗത്ത്. ഹെൽമറ്റ് ധരിക്കാതെയും, അനുവദനീയമായതിൽ കൂടുതൽ ആളുകളെ കയറ്റിയും (ട്രിപ്പിൾ റൈഡ്) യാത്ര ചെയ്യുന്നവർക്കെതിരെ പൊലീസും മോട്ടർ വാഹനവകുപ്പും (എംവിഡി) സംയുക്തമായി പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

നിയമലംഘനങ്ങൾ കണ്ടെത്തിയാൽ പൊലീസിന്റെ ഭാഗത്തുനിന്ന് 5,000 രൂപ പിഴ ഈടാക്കുമ്പോൾ, മോട്ടർ വാഹനവകുപ്പിന്റെ നടപടികൾ പ്രകാരം ഇത് 35,000 രൂപ വരെ ഉയരാം. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം കൈമാറുന്ന രക്ഷിതാക്കൾക്കെതിരെയും ശക്തമായ നിയമനടപടികളുണ്ടാകും. ഇത്തരം സാഹചര്യങ്ങളിൽ എംവിഡി 10,000 രൂപ പിഴ ചുമത്തും. എന്നാൽ, രക്ഷിതാവ് തന്നെ വാഹന ഉടമ കൂടിയാണെങ്കിൽ പിഴത്തുകയിൽ 25,000 രൂപ കൂടി അധികമായി ഉൾപ്പെടുത്തി മൊത്തം 35,000 രൂപ പിഴയായി അടയ്ക്കേണ്ടി വരും.

ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന കുട്ടികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് കൈമാറുമെന്ന് മോട്ടർ വാഹന എൻഫോഴ്സ്മെന്റ് വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഇടപെടലിലൂടെ രക്ഷിതാക്കൾക്ക് കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.

രാവിലെ 9 മുതൽ 10 വരെയുള്ള സമയങ്ങളിലും, വൈകുന്നേരം 4 മുതൽ 6 വരെയുള്ള മണിക്കൂറുകളിലുമാണ് ജില്ലയിൽ വിദ്യാർഥികളുടെ ട്രിപ്പിൾ റൈഡിങ് ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ മാത്രം ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് ജില്ലയിൽ 23 കേസുകൾ രജിസ്റ്റർ ചെയ്തതായും അധികൃതർ അറിയിച്ചു.

Fashion ⏭️

Back to top button