തൃശൂർ സഹകരണ ബാങ്ക് തട്ടിപ്പ്: മുൻ സെക്രട്ടറി നാലേകാൽ കോടി രൂപ ഓഹരി വിപണിയിൽ നിക്ഷേപിച്ചു

തൃശൂർ: കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി സിപിഎം ഭരണത്തിലിരിക്കുന്ന നന്തിപുലം സർവീസ് സഹകരണ ബാങ്കിൽ മുൻ സെക്രട്ടറി നടത്തിയ വൻ സാമ്പത്തിക തട്ടിപ്പ് പുറത്ത്. ബാങ്കിന്റെ നിക്ഷേപ ഫണ്ടിൽ നിന്ന് 4.25 കോടി രൂപയാണ് ഇയാൾ സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റി ഓഹരി വിപണിയിൽ നിക്ഷേപിച്ചത്. കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് ഈ ക്രമക്കേടിന് പിന്നിൽ. സർവീസിൽ നിന്ന് വിരമിക്കുന്നതിന് തൊട്ടുമുൻപാണ് ഇയാൾ ഇത്രയും വലിയ തുക ബാങ്കിൽ നിന്ന് വെട്ടിച്ചത്.
ഓഡിറ്റ് പരിശോധനയിലാണ് തട്ടിപ്പ് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് ബാങ്ക് ഭരണസമിതി തന്നെ നേരിട്ട് പൊലീസിൽ പരാതി നൽകുകയായിരുന്നു. നഷ്ടപ്പെട്ട തുക ഈടാക്കുന്നതിനായി പ്രതിയുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള കർശന നിയമനടപടികൾ ആരംഭിച്ചതായി സഹകരണ ജോയിന്റ് റജിസ്ട്രാർ പി. രാമചന്ദ്രൻ വ്യക്തമാക്കി. കഴിഞ്ഞ മാർച്ച് മാസത്തിലാണ് പ്രതി ഔദ്യോഗിക പദവിയിൽ നിന്ന് വിരമിച്ചത്. അതേസമയം, ഇയാളുടെ പേരിൽ നന്തിപുലം ബാങ്കിൽ ഉണ്ടായിരുന്ന ഒരു കോടിയോളം രൂപയുടെ സ്വർണവും പണ നിക്ഷേപവും അധികൃതർ മരവിപ്പിച്ചിട്ടുണ്ട്.




