NEWS

എല്ലാം ദേശീയപാത 66 വികസനത്തിന്റെ പേരിൽ; ഇനിയും വൈകിയാൽ മലയുണ്ടാകില്ല


ചെറുവത്തൂർ ∙ പദ്ധതി പ്രഖ്യാപിക്കാൻ വീരമലയിലേക്ക് കയറിയത് ഇടത്–വലത് സർക്കാരുകളിലെ 4 മന്ത്രിമാർ. കോടികളുടെ പദ്ധതിയുടെ പ്രഖ്യാപനം കേൾക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഒടുവിൽ ജില്ലയുടെ ടൂറിസംരംഗത്ത് അഭിമാന പദ്ധതിയായി, കാസർകോടിന്റെ സാംസ്കാരിക മുഖമാകുന്ന പൈതൃകഗ്രാമം വീരമലയിൽ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം. ഇതിനായി കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ തുക കണ്ടെത്തും. എന്നാൽ ഈ പദ്ധതിയാകട്ടെ ഇപ്പോഴും കടലാസിൽതന്നെ കിടക്കുകയാണ്. ദേശീയപാതയുടെ അരികിൽ തേജസ്വിനിപ്പുഴയുടെ തീരത്ത് തലയെടുപ്പോടെനിന്ന് ചരിത്രത്തിൽ ഇടംനേടിയ വീരമലക്കുന്ന് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. 20 വർഷം മുൻപാണ് വീരമലയിലെ ടൂറിസം സാധ്യത സംബന്ധിച്ച കാര്യങ്ങൾക്ക് ജീവൻവയ്ക്കുന്നത്. മലയുടെ മുകളിൽനിന്ന് അറബിക്കടലും ദേശാടന പക്ഷികളുടെ ആവാസകേന്ദ്രമായ രാമൻചിറയും കാണാം.ഇതിനു പുറമേ കിഴക്കൻ മലയോര ഗ്രാമങ്ങളിൽനിന്ന് സുഗന്ധദ്രവ്യങ്ങൾ ശേഖരിക്കാൻ ഡച്ചുകാർ വീരമലയിൽ താവളമടിച്ചിരുന്നു. ചരിത്ര രേഖകളിൽ ചെറുവത്തൂർകോട്ട വീരമലയിൽ ഉണ്ടായിരുന്നു എന്ന പരാമർശമുണ്ട്. അതുകൊണ്ടുതന്നെ ചരിത്രത്തിൽ ഇടംനേടിയ മലയുടെ മുകൾതട്ടിൽ കുട്ടികളുടെ പാർക്ക്, വ്യൂ പോയിന്റ് തുടങ്ങി വിവിധങ്ങളായ പദ്ധതികൾക്കായി വർഷങ്ങൾക്ക് മുൻപ് 4 കോടി രൂപ ബജറ്റിൽ വകയിരുത്തിയിരുന്നു. എന്നാൽ ഒന്നും നടന്നില്ലെന്ന് മാത്രം. പിന്നീട് കടകംപള്ളി സുരേന്ദ്രൻ മന്ത്രിയായ വേളയിൽ തീർഥാടന ടൂറിസം പദ്ധതിയിൽ വീരമലയെ ഉൾപ്പെടുത്തുമെന്ന് മലയുടെ മുകളിൽനിന്നുതന്നെ പ്രഖ്യാപിച്ചു. ഒന്നും നടന്നില്ല. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ ടൂറിസം മന്ത്രിയായിരുന്ന എ.പി.അനിൽകുമാറും ഇവിടെയെത്തി വീരമലയിലെ ടൂറിസം സാധ്യത വിലയിരുത്തി വലിയ പദ്ധതികൾ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു.ഇനിയും വൈകിയാൽ മലയുണ്ടാകില്ല വീരമലയിൽ സ്ഥാപിക്കാവാൻ പ്രഖ്യാപിച്ച പദ്ധതികൾ ഉടൻ നടപ്പാക്കിയില്ലെങ്കിൽ പിന്നീട് മലകണ്ടെന്ന് വരില്ല. ദേശീയപാത വികസനത്തിന്റെ പേരിൽ മലയുടെ കിഴക്കുഭാഗം പകുതിവരെ ഇടിച്ചുനിരത്തിക്കൊണ്ട് പോയപ്പോൾ മറ്റൊരുഭാഗത്ത് സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള, മലയുടെ അടിവാരത്ത് നടക്കുന്ന മണ്ണെടുപ്പ് അധികൃതർ കാണാതെ പോവുകയാണ്. മലയുടെ ചുറ്റും ഇത്തരത്തിൽ വ്യാപകമായ തോതിൽ മല ഇടിച്ച് നിരത്തുകയാണ്. മണ്ണെടുക്കാൻ ബന്ധപ്പെട്ട അധികൃതർ അനുമതി നൽ‍കുന്നുണ്ടെന്നാണ് അറിയുന്നത്. എന്നാൽ മണ്ണെടുപ്പ് നിർബാധം തുടരുന്ന അവസ്ഥയാണെന്നാണ് നാട്ടുകാർ പറയുന്നത്.


Fashion ⏭️

Back to top button