വൈദേകം റിസോർട്ട് വിവാദം: ഇപി ജയരാജൻ മരുമകനും റിപ്പോർട്ടർ ടിവിക്കും വക്കീൽ നോട്ടീസ് അയച്ചു

ഇ പി ജയരാജൻ
കണ്ണൂർ: വൈദേകം റിസോർട്ടിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ മരുമകൻ ശ്യാംജിത്തിനും റിപ്പോർട്ടർ ചാനലിനും എതിരെ നിയമനടപടിയുമായി സിപിഎം നേതാവ് ഇ പി ജയരാജൻ. തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതിന് ഇവർക്കെതിരെ വക്കീൽ നോട്ടീസ് അയച്ചു. ഉന്നയിച്ച ആരോപണങ്ങൾ ഉടൻ പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും, നഷ്ടപരിഹാരമായി 50 ലക്ഷം രൂപ വീതം നൽകണമെന്നുമാണ് നോട്ടീസിലെ പ്രധാന ആവശ്യം.
ശശിധരൻ കർത്തയുടെ പണം കൈപ്പറ്റിയെന്ന വിവാദം സിപിഎമ്മിനെ സാമ്പത്തികമായും രാഷ്ട്രീയമായും വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് ഇ പി ജയരാജന്റെ കുടുംബത്തിന് നേരെയും ആരോപണങ്ങൾ ഉയർന്നുവന്നത്. ജയരാജന്റെ സഹോദരിയുടെ മകനായ ശ്യാംജിത്ത് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിവാദപരമായ പരാമർശങ്ങൾ നടത്തിയത്. ശശിധരൻ കർത്തയുടെ ഒമ്പത് കോടി രൂപ വൈദേകം റിസോർട്ടിൽ നിക്ഷേപമായി എത്തിയിട്ടുണ്ടെന്നായിരുന്നു ശ്യാംജിത്തിന്റെ പ്രധാന ആരോപണം. സമൂഹമാധ്യമങ്ങളിലെ പോസ്റ്റ് പിന്നീട് പിൻവലിച്ചെങ്കിലും, മാധ്യമങ്ങൾക്ക് മുന്നിലെത്തിയ ശ്യാംജിത്ത് തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയും ആരോപണങ്ങൾ ആവർത്തിക്കുകയും ചെയ്തു.
തനിക്കെതിരെ ശ്യാംജിത്ത് തുടർച്ചയായി ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് നിയമപരമായി നേരിടാൻ ജയരാജൻ തീരുമാനിച്ചത്. ഈ ആരോപണങ്ങൾ എക്സ്ക്ലൂസീവ് വാർത്തയായി സംപ്രേഷണം ചെയ്തതിനാണ് റിപ്പോർട്ടർ ടിവിക്കും വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.




