യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; മൊബൈലിൽ പാട്ടുവച്ചാലും വീഡിയോ കണ്ടാലും ട്രെയിനിൽ നിന്ന് ഇറക്കിവിടും, പിഴയും കൊടുക്കേണ്ടിവരും

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സഹയാത്രികർക്ക് ശല്യമാകുന്ന രീതിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുന്ന ട്രെയിൻ യാത്രക്കാർക്ക് ഇനി പാതിവഴിയിൽ യാത്ര അവസാനിപ്പിക്കേണ്ടി വരും. അത്തരം യാത്രക്കാരെ ട്രെയിനിൽ നിന്ന് ഇറക്കിവിടും. 1000 രൂപ പിഴയും ചുമത്തും. ടിക്കറ്റ് റദ്ദാക്കി ഇറക്കിവിടാൻ നിയമത്തിൽ ഭേദഗതി വരുത്തി റെയിൽവേ. ഇത് പ്രാബല്യത്തിലായി. വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിലാണിത്.
ഉച്ചത്തിലുള്ള ശബ്ദത്തിൽ വീഡിയോ കാണുന്നവർക്കും ബാധകമാണ്. ടി.ടി.ഇയുടെ നിർദ്ദേശം അവഗണിച്ചാൽ ആറു മാസംവരെ തടവു ശിക്ഷയും 5,000 രൂപാവരെ പിഴയും ചുമത്താം. ഇയർ ഫോണുപയോഗിച്ച് പാട്ടു കേൾക്കുന്നതിൽ തടസമില്ല.
1989ലെ റെയിൽവേ ആക്ടിലെ 145(2) വകുപ്പ് അനുസരിച്ച് സഹയാത്രികർക്ക് ശല്യമുണ്ടാക്കുന്നത് നിയന്ത്രിക്കാമെങ്കിലും ശിക്ഷ നിർദ്ദേശിച്ചിരുന്നില്ല. ജനവിശ്വാസ് അമന്റ്മെന്റ് ഒഫ് പ്രൊവിഷൻസ് ആക്ട് 2026 അനുസരിച്ചാണ് ഭേദഗതി വരുത്തിയത്. യാത്രക്കാർക്ക് 139 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചോ, ടി.ടി.ഇയോട് നേരിട്ടോ, റെയിൽ ആപ്പിലോ പരാതിപ്പെടാം.
അതേസമയം, തിരുവനന്തപുരത്തുനിന്ന് ഷൊർണൂർ വരെയുളള വേണാട് എക്സ്പ്രസിൽ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളുന്ന എൽ.ഡബ്ളിയു.എസ്. ജനറൽ സിറ്റിംഗ് കോച്ചുകൾ ഉൾപ്പെടുത്തി. ഇന്നലെ മാത്രം 10 കോച്ചുകളാണ് മാറ്റിയത്. ബാക്കികോച്ചുകളും ഉടൻ മാറ്റും.ആകെ 19 ജനറൽ കോച്ചുകളാണുള്ളത്.
നേരത്തേ ഒരു കോച്ചിൽ 108 പേർക്ക് ഇരുന്നും 42 പേർക്കു നിന്നും യാത്രചെയ്യാൻ കഴിയുമായിരുന്നെങ്കിൽ പുതിയ കോച്ചിൽ 220 പേർക്ക് ഇരുന്നും 50 മുതൽ 70 വരെ പേർക്ക് നിന്നും യാത്രചെയ്യാം. ജനശതാബ്ദിയിൽ പുഷ്ബാക് സീറ്റുള്ള കോച്ചുകൾ അടുത്തയാഴ്ച ഉൾപ്പെടുത്തും. ഇതിനായി 16 കോച്ചുകളാണ് കൊച്ചുവേളിയിൽ എത്തിച്ചിരിക്കുന്നത്.
English Summary
Indian Railways has introduced new rules to curb loud music played on mobile phones that disturbs fellow passengers. Under the revised rules, offenders may be fined ₹1,000 and removed from the train after their tickets are cancelled. The rules have come into effect following widespread complaints from passengers.
RELATED TOPICS: INDIAN RAILWAYS MOBILE RULES, TRAIN MOBILE MUSIC BAN, TRAIN PASSENGER RULES, INDIAN RAILWAY RULES MALAYALAM, TRAINIL MOBILE SONG VIDEO BAN
Read News ⏭️




