ഗ്രാമത്തിലിറങ്ങി പശുവിനെ കടിച്ചുകൊന്ന് അജ്ഞാത ജീവി, കാൽപ്പാടുകൾ കണ്ട് ഭയന്ന് ജനം

അജ്ഞാതജീവിയുടെ കാൽപ്പാടുകൾ
കോട്ടയം : തീക്കോയി പഞ്ചായത്തിൽ പശുവിനെ കടിച്ചുകൊന്ന അജ്ഞാത ജീവി കടുവയെന്ന സംശയം ബലപ്പെട്ടതോടെ പ്രദേശവാസികൾ ആശങ്കയിൽ. ഏഴാം വാർഡിലാണ് സംഭവം. വലിയ അളവിൽ റവന്യൂഭൂമിയുള്ള പ്രദേശം കൂടിയാണ് ഇവിടം. വനമേഖലയിൽനിന്ന് അജ്ഞാതജീവി ഇവിടേക്ക് എത്തിയാതാവാമെന്നാണ് കരുതുന്നത്. എന്നാൽ ഇത് കടുവയാണെന്ന് പൂർണമായും വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല.
മുണ്ടക്കയം വണ്ടൻപതാൽ വനംവകുപ്പ് ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടെത്തിയ കാൽപ്പാടുകളിൽ വ്യക്തത വന്നിട്ടില്ല. പ്രദേശത്ത് ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറ ദൃശ്യങ്ങൾ ലഭിച്ചാൽ മാത്രമേ അജ്ഞാത ജീവി ഏതെന്ന് സ്ഥിരീകരിക്കാനാവൂ. ജനവാസമേഖലയോട് ചേർന്ന ഭാഗത്ത് രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ നാട്ടുകാർക്ക് ഭയമാണിപ്പോൾ. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കണമെന്നും കൂട് സ്ഥാപിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.


