NEWS
ബജറ്റ് വരെ കാത്തിരിക്കില്ല, ദീപാവലിക്കു മുൻപ് ‘മധുരമെത്തും’; 3 ലക്ഷം കോടി ചോർത്തിയ നിയമം പൊളിച്ചെഴുതാൻ കേന്ദ്രം

ഓഹരി വിപണിയിലേക്കുള്ള നിക്ഷേപകരുടെ ഒഴുക്കിന് തടസമാണെന്ന് ആരോപണം ഉയർന്ന, നികുതി ഘടന പൊളിച്ചെഴുതാൻ കേന്ദ്രസർക്കാർ. അടുത്ത ബജറ്റു വരെ കാത്തിരിക്കാതെ ദീപാവലിക്കു മുൻപു തന്നെ ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടായേക്കും. ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്ക് ബാധകമായ ദീർഘകാല മൂലധന നേട്ട നികുതിയിലാണ് (എൽടിസിജി) സമഗ്ര പരിഷ്ക്കാരം വരുന്നത്. ഓഹരി വിപണിയിൽ വലിയ മുന്നേറ്റത്തിന് കാരണമായേക്കാവുന്ന നീക്കമാണിത്. എന്താണ് എൽടിസിജി? ഓഹരിയോ മ്യൂച്വൽ ഫണ്ടോ 12 മാസത്തിലധികം കാലം കൈവശം വച്ച ശേഷം വിൽക്കുമ്പോൾ ഒരുസാമ്പത്തിക വർഷത്തിൽ 1.25 ലക്ഷം രൂപയിൽ കൂടുതൽ ലാഭമുണ്ടായാൽ നൽകേണ്ട നികുതിയാണിത്. ലഭിക്കുന്ന ലാഭത്തിന്റെ 12.5 ശതമാനമാണ് നികുതി. ഒരു ലക്ഷം രൂപ ലാഭമുണ്ടായാൽ 10 ശതമാനമായിരുന്നു നേരത്തെയുണ്ടായിരുന്ന എൽടിസിജി. ഇത് 2024 ജൂലൈ ബജറ്റിൽ വർധിപ്പിക്കുകയായിരുന്നു. ലിസ്റ്റഡ് കമ്പനികളുടെ ഓഹരികൾക്കു മാത്രമാണ് ഈ നികുതി ബാധകം. അൺലിസ്റ്റഡ് വിപണിയിലെ ഓഹരികൾക്ക് ഈ നികുതിയില്ല. ഡോളർ കണക്കിലും മാറ്റം വിദേശ നിക്ഷേപകരുടെ പക്കൽ നിന്ന് എൽടിസിജി ഈടാക്കുന്നതിലും ചില മാറ്റങ്ങളുണ്ടായേക്കുമെന്നാണ് വിവരം. നിലവിൽ എല്ലാ നിക്ഷേപകർക്കുമുള്ള എൽടിസിജി കണക്കാക്കുന്നത് രൂപയിലാണ്. എന്നാൽ രൂപയുടെ വിനിമയ നിരക്ക് കുത്തനെ ഇടിയുന്ന സാഹചര്യത്തിൽ ഇതിൽ മാറ്റം വേണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശനിക്ഷേപകരുടെ എൽടിസിജി കണക്കാക്കുമ്പോൾ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞതു കൂടി പരിഗണിക്കാനുള്ള വ്യവസ്ഥകൾ പുതിയ പ്രഖ്യാപനത്തിലുണ്ടായേക്കും.
Fashion ⏭️




