NEWS

അറിവ് വിളഞ്ഞ തോട്ടം, കരുണാകരന്റെ വിശ്വസ്തൻ; തോട്ടം രാജശേഖരന് അന്ത്യാഞ്ജലി


തിരുവനന്തപുരം ∙ മേശപ്പുറത്ത് ഒരു പാക്കറ്റ് സിഗരറ്റ് വച്ചശേഷം ആഗതൻ പറഞ്ഞു- ‘ഞാൻ കരുണാകരൻ’. തോട്ടം രാജശേഖരൻ എഴുന്നേറ്റുനിന്നു പറഞ്ഞു- ‘എംഎൽഎയെ എനിക്കറിയാം. നിയമസഭയിൽ കണ്ടിട്ടുണ്ട്.’ അതൊരു വലിയ ബന്ധത്തിന്റെ തുടക്കമായിരുന്നു, തോട്ടം രാജശേഖരന്റെ ജീവിതത്തിൽ. അന്നു കരുണാകരൻ 9 എംഎൽഎമാർ മാത്രമുള്ള കോൺഗ്രസിന്റെ നിയമസഭാകക്ഷി നേതാവ്. നിയമസഭയിൽ അദ്ദേഹത്തിനു കൃഷിയെക്കുറിച്ചു സംസാരിക്കണം. തോട്ടത്തിനു പല കാര്യങ്ങളിലും ആഴത്തിൽ അറിവുണ്ട്. അതറിഞ്ഞായിരുന്നു കരുണാകരന്റെ വരവ്. തോട്ടം നൽകിയ വിവരങ്ങൾ കരുണാകരന്റെ പ്രസംഗത്തിന്റെ മൂർച്ച കൂട്ടി. പിന്നീടു കരുണാകരൻ മന്ത്രിയായപ്പോൾ തോട്ടം പിആർഡി അഡിഷനൽ ഡയറക്ടർ. കരുണാകരന്റെ മന്ത്രിക്കസേരയ്ക്കടുത്ത് ഒരു ഇരിപ്പിടമുണ്ടായിരുന്നു, അടുപ്പക്കാർക്കു മാത്രം ഇരിക്കാൻ. അതിൽ ഇരുന്നവരുടെ പട്ടികയിൽ തോട്ടമായിരുന്നു മുന്നിൽ.അടിയന്തരാവസ്ഥക്കാലത്തു മാധ്യമങ്ങൾക്കു സെൻസർഷിപ് നടപ്പാക്കിയപ്പോൾ കേരളത്തിൽ ചീഫ് സെൻസറായത് തോട്ടം ആയിരുന്നു. ആഭ്യന്തര മന്ത്രി കെ.കരുണാകരന്റെ നിർദേശം അനുസരിച്ചാണു തോട്ടം പ്രവർത്തിക്കുന്നതെന്നു കരുണാകര വിരുദ്ധർ കേന്ദ്രസർക്കാരിലെ ചിലരെ ധരിപ്പിച്ചു. അക്കാലത്തു കേന്ദ്ര വാർത്താവിനിമയ മന്ത്രി കൊച്ചിയിൽ എത്തിയപ്പോൾ നേരിട്ടുകാണണമെന്നു തോട്ടത്തിനോട് ആവശ്യപ്പെട്ടു. ചുരുങ്ങിയ സമയത്തിനുള്ളിൽ കൊച്ചിയിലെത്താൻ അദ്ദേഹത്തിനു സാധിച്ചില്ല. കൊച്ചിയിൽനിന്നു മടങ്ങിയ മന്ത്രി പുലർച്ചെ 2നു ഡൽഹിയിലെത്തിയ ഉടൻ തോട്ടത്തെ ചീഫ് സെൻസർ പദവിയിൽനിന്നു നീക്കി. ആ ഉത്തരവ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്കാണ് അയച്ചത്. രാത്രി തന്നെ പൊലീസുകാർ വീട്ടിലെത്തി വിളിച്ചുണർത്തി ഉത്തരവു കൈമാറി.ആ പദവിയിൽനിന്നു മാറിയപ്പോൾ വലിയ ആശ്വാസമാണു തോന്നിയതെന്നും അന്നത്തെ സെൻസർഷിപ്പിലൊന്നും കരുണാകരൻ ഇടപെട്ടിട്ടേയില്ലെന്നും പിന്നീടു തോട്ടം പറഞ്ഞിട്ടുണ്ട്.ഗ്രന്ഥകാരനും പ്രഭാഷകനും പബ്ലിക് റിലേഷൻസ് വകുപ്പ് (പിആർഡി) മുൻ ഡയറക്ടറുമായ മണക്കാട് തോട്ടം ഉഷസ്സിൽ തോട്ടം രാജശേഖരന്റെ (95) സംസ്കാരം ഇന്നു 11നു ശാന്തികവാടത്തിൽ. പരേതയായ എം.എൽ.രാധമ്മയാണു ഭാര്യ. മക്കൾ: സബിത റാണി (റിട്ട.എജിഎം, എസ്ബിഐ),പരേതരായ ടി.ആർ.സുജയ് കുമാർ, ടി.ആർ.നന്ദലാൽ. മരുമക്കൾ: കെ.ബി.രാജൻ (റിട്ട. എജിഎം, എസ്ബിഐ), പ്രിയ സുജയ്.


Fashion ⏭️

Back to top button