NEWS

പമ്പ, അച്ചൻകോവിൽ, മണിമല, വരട്ടാർ നദികളിലെ ജലനിരപ്പ് ഉയർന്നു; ദുരിതപ്പെയ്ത്തിൽ വലഞ്ഞ്..


ചെങ്ങന്നൂർ/മാവേലിക്കര/മാന്നാർ/ചാരുംമൂട് ∙  മഴ കനത്തതോടെ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പമ്പ, അച്ചൻകോവിൽ, മണിമല, വരട്ടാർ നദികളിലെ ജലനിരപ്പ് ഉയർന്നു. താലൂക്കിൽ 2 ദുരിതാശ്വാസക്യാംപുകൾ തുറന്നു. തിരുവൻവണ്ടൂർ ഗവ.എച്ച്എസ്എസിൽ തുറന്ന ക്യാംപിൽ 2–ാം വാർഡ് നന്നാട് പുത്തൻതോട് ഭാഗത്തെ ഒരു കുടുംബത്തിലെ 2 പേരെയും മുളക്കുഴ വില്ലേജിൽ പുത്തൻകാവ് എംഡി എൽപിഎസിലെ ക്യാംപിൽ തുലാക്കുഴി ഭാഗത്തെ 8 കുടുംബങ്ങളെയും മാറ്റി പാർപ്പിച്ചു.  ചെങ്ങന്നൂർ നഗരസഭയിൽ 5, 6, 7 വാർഡുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കോലാമുക്കം, കുറ്റിച്ചിറക്കടവ്, മംഗലം, ഊടാകുളത്തിൽ, കോടിയാട്ടുകര, ഇടനാട് മാലേത്ത് റോഡ് ഭാഗം, കൈപ്പാലക്കടവ്–കള്ളാലിൽപ്പാറ റോഡ് ഭാഗം എന്നിവിടങ്ങളിൽ വെള്ളം കയറി. കുറ്റിച്ചിറക്കടവ് ഭാഗത്തെ 6 കുടുംബങ്ങൾ ബന്ധുവീടുകളിലേക്കു മാറി. മാവേലിക്കര–കോഴഞ്ചേരി റോഡിൽ പുത്തൻകാവ് ജംക്‌ഷനിൽ വെള്ളം കയറിയതോടെ ഗതാഗതം നിരോധിച്ചു. വെള്ളി രാത്രി വീശിയ ശക്തമായ കാറ്റിൽ വെൺമണി പഞ്ചായത്ത് നാലാം വാർഡിൽ ചിങ്ങംകൂട്ടത്തിൽ കുഞ്ഞുകുട്ടിയുടെ വീടിനു മുകളിലേക്കു മരം വീണു മേൽക്കൂര തകർന്നു.വീട്ടുകാർ നിസാരപരുക്കുകളോടെ രക്ഷപ്പെട്ടു.  വീട്ടുപകരണങ്ങൾക്കു കേടുപാടുണ്ട്. സജി ചെറിയാൻ എംഎൽഎ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു ക്രമീകരണങ്ങൾ നടത്തി. മന്ത്രിമാരായ എ.പി.അനിൽകുമാർ, എം.ലിജു എന്നിവരെ ബന്ധപ്പെട്ടു മുൻകരുതൽ നടപടികൾ ഉറപ്പാക്കിയതായി  കെപിസിസി ജനറൽ സെക്രട്ടറി എബി കുര്യാക്കോസ് പറഞ്ഞു. ഇരമല്ലിക്കര ശ്രീ അയ്യപ്പാ കോളജിൽ ക്യാംപ് തുറന്നു. 10 കുടുംബങ്ങളിലെ 36 പേരെ മാറ്റി പാർപ്പിച്ചു. തിരുവൻവണ്ടൂർ ഗവ.എച്ച്എസ്എസിൽ 5 കുടുംബങ്ങളിലെ 10 പേരും മുളക്കുഴ പുത്തൻകാവ് എംഡി എൽപിഎസിൽ 7 കുടുംബങ്ങളിലെ 21 പേരും കഴിയുന്നു.മലവെള്ളം കൂടുതലെത്തിയാൽ ഇന്നു മുതൽ ദുരിതബാധിതർക്കായി വിവിധയിടങ്ങളിൽ ദുരിതാശ്വാസ ക്യാംപുകൾ തുടങ്ങേണ്ട സ്ഥിതിയാണ്.  ഇന്നലെ ഉച്ചവരെ കാര്യമായ മഴയില്ലായിരുന്നെങ്കിലും ഉച്ചയ്ക്കു ശേഷമാണ് മഴ കനത്തു പെയ്യാൻ തുടങ്ങിയത്. ഇതിനിടയിൽ കാറ്റാടിച്ചു വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി ബന്ധം നിലയ്ക്കുകയും ചെയ്തു. മാന്നാറിനെയും പത്തനംതിട്ട ജില്ലയിലെ പരുമല ഭാഗത്തെയും ബന്ധിപ്പിക്കുന്ന കോട്ടയ്ക്കൽ കടവ് റോഡിൽ വെള്ളം കയറി. വൈകിട്ടോടെ ജലനിരപ്പു കൂടിയതിനാൽ ഗതാഗതം നിലച്ചു. ചില ഭാഗത്തെ ഗ്രാമീണ റോ‍ഡുകളും വെള്ളത്തിലായിട്ടുണ്ട്. മാന്നാർ ‌പഞ്ചായത്ത് 15 ാം വാർഡിലെ കുട്ടംപേരൂർ കുന്നക്കാട്ട് കിഴക്കേതിൽ കെ.പി. വിശ്വനാഥന്റെ വീടിനു മുകളിലേക്ക് ഇന്നലെ പുലർച്ചെ തേക്കു മരം വീണു. 50 വർഷം പഴക്കമുള്ള തേക്ക് വീണ് കിടപ്പുമുറിയുടെ ഭാഗത്തെ മേൽകൂര തകർന്നു ഓടും ഉത്തരവും കഴിക്കോലും തകർന്നു. ഈ സമയത്തു വീടിനുള്ളിൽ ആളുകളുണ്ടായിരുന്നെങ്കിലും ആർക്കും പരുക്കുകളില്ല.


Fashion ⏭️

Back to top button